
മയക്കുമരുന്ന് കടത്തി, സൗദിയിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി

ദമ്മാം: വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) വധശിക്ഷയാണ് ഞായറാഴ്ച നടപ്പാക്കിയത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയ വിവരം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയത്.


2023-ൽ ഒമാനിൽനിന്ന് അതിർത്തി റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് മാരക ലഹരിവസ്തുക്കളുടെ വൻശേഖരം കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് അബൂട്ടി സൗദി സുരക്ഷാ ഏജൻസികളുടെ പിടിയിലാകുന്നത്. ഇയാൾ ഓടിച്ചിരുന്ന ജി.എം.സി വാനിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 43 കിലോഗ്രാം വരുന്ന നിരോധിത ലഹരിവസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് നടന്ന വിചാരണയിൽ പബ്ലിക് പ്രോസിക്യൂഷൻ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. വിചാരണ കോടതിയുടെ ഈ വിധി പിന്നീട് അപ്പീൽ കോടതിയും സൗദി സുപ്രീംകോടതിയും ശരിവെച്ചു. തുടർന്ന് ശിക്ഷ നടപ്പാക്കാനുള്ള രാജവിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ഞായറാഴ്ച ദമ്മാമിൽവെച്ച് വധശിക്ഷ നടപ്പാക്കിയത്
