

തൃശൂർ : ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ലോംഗ് ജമ്പിൽ ഇന്ത്യയുടെ ആൻസി. സോജന് വെളി മെഡൽ. മികച്ച പോരാട്ടത്തിനൊടുവിലാണ് ആൻസി വെള്ലി മെഡൽ സ്വന്തമാക്കിയത്. 6.53 മീറ്ററാണ് താരത്തിൻ്റെ മികച്ച ദൂരം. മത്സരത്തിൻ്റെ ഭൂരിഭാഗവും ആധിപത്യം പുലർത്തിയെങ്കിലും ആൻസി വെളിയിലേക്ക് വീഴുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ചൈനയുടെ ഹുവാങ് യിംഗ്യംഗ് ആൻസിയെ മറികടന്ന് 6.55 മീറ്റർ ചാടി ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടി. മെഡൽ നേട്ടത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ 6.60 മീറ്റർ പ്രതീക്ഷിച്ചിരുന്നതിനാൽ സ്വർണം നഷ്ടമായതിൽ ചെറിയ നിരാശയുണ്ടെന്നും ആൻസി സോജൻ പ്രതികരിച്ചു

ആദ്യ ശ്രമത്തിൽ 6.49 മീറ്റർ കണ്ടെത്തിയ ആൻസി. പിന്നീട് രണ്ടാം ശ്രമത്തിൽ ഫൗൾ ചെയ്തു. മൂന്നാം ശ്രമത്തിൽ 6.46 മീറ്ററും നാലാം ശ്രമത്തിൽ 6.31 മീറ്ററും ചാടി. അഞ്ചാം ശ്രമത്തിലാണ് 6.53 മീറ്റർ എന്ന മികച്ച ദൂരം കണ്ടെത്തിയത്. അവസാന ശ്രമത്തിൽ 6.49 മീറ്ററായിരുന്നു പ്രകടനം. ആൻസി.യേക്കാൾ വെറും രണ്ട് സെൻ്റിമീറ്റർ വ്യത്യാസത്തിലാണ് ഹുവാങ് ഒന്നാമതെത്തിയത്. കഴിഞ്ഞ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ വെള്ലി നേടിയ താരമാണ് ആൻസി.


അതേസമയം, പുരുഷന്മാരുടെ ലോങ് ജംപിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മറ്റു അത്ലറ്റിക്സ് ഇനങ്ങളിലും ഇന്ത്യ മികച്ച പ്രകടനം തുടരുകയാണ്. സ്ക്വാഷിൽ ഇന്ത്യ രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കി. പുരുഷ വിഭാഗത്തിൽ അഭയ് സിംഗും വനിതാ വിഭാഗത്തിൽ അനാഹത് സിങ്ങുമാണ് വെള്ളി നേടിയത്. വനിതകളുടെ 200 മീറ്ററിൽ ഹരിത ഭദ്രയും ഡെക്കാത്ത്ലോണിൽ തേജസ്വിൻ ശങ്കറും ഇന്ത്യയ്ക്കായി വെങ്കല മെഡലുകൾ അണിഞ്ഞു. വനിതകളുടെ മൂവായിരം മീറ്റർ സ്റ്റീപ്പിൾചേസിലും ഇന്ത്യക്ക് വെങ്കലം ലഭിച്ചു. ഇന്ത്യയുടെ പാറുൾ ചൗധരിയാണ് വെങ്കലം നേടിയത്.
നാട്ടികയിലുള്ള ആൻസിയുടെ വീട്ടിലേക്ക് ചരിത്രവിജയം ആഘോഷിക്കാൻ നാടൊന്നാകെ ഒഴുകിയെത്തി. ഏഴ് മീറ്റർ ജംപ് ആയിരുന്നു ആൻസിയുടെ പ്രധാന സ്വപ്നമെന്നും അവിടുത്തെ പ്രതികൂല കാലാവസ്ഥ പ്രകടനത്തെ ചെറിയ രീതിയിൽ ബാധിച്ചെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

നാട്ടികയിലെ ആട്ടോ ഡ്രൈവർ സോജൻ്റെ മകളാണ് 25കാരിയായ ആൻസി. ചെറുപ്പത്തിൽ കായികരംഗത്ത് താത്പര്യമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങൾ വിലങ്ങുതടിയായതോടെ ആട്ടോ ഡ്രൈവറായ സോജൻ തൻ്റെ മകളെ കായികതാരമാക്കാൻ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. സ്കൂൾ തലത്തിൽ സോജൻ തന്നെയായിരുന്നു ആൻസിയുടെ കോച്ച്. സംസ്ഥാന ദേശീയ സ്കൂൾ കായികമേളകളിൽ നിരവധി സ്വർണം നേടി ആൻസി ഇപ്പോൾ ഇന്ത്യൻ നേവിയിൽ ചീഫ് പെറ്റി ഓഫീസറാണ്.
