
നഗരസഭയെ ഒന്നാം സ്ഥാനത്ത് എത്തിച്ച സെക്രട്ടറിക്കെതിരെ പ്രമേയവുമായി പുതിയ ഭരണ സമിതി

ഗുരുവായൂർ: നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് ഭരണസമിതി ചട്ടവിരുദ്ധമായി പ്രമേയം അവതരിപ്പിച്ചുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചു.
നഗരസഭാ സെക്രട്ടറി അഭിലാഷ് കുമാറിനെതിരായ നടപടി ആവശ്യപ്പെട്ടുള്ള പ്രമേയം കൗൺസിൽ നിയമങ്ങൾക്ക് വിരുദ്ധമായാണ് അജണ്ടയിൽ അവതരിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
അജണ്ട വായിക്കാതെ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചതിനെ പ്രതിപക്ഷം തടഞ്ഞു. സെക്രട്ടറിക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാനും വിഷയത്തിൽ ചർച്ച നടത്താനും പ്രതിപക്ഷത്തിന് അവസരം നൽകാതെ ചെയർപേഴ്സൺ സുനിത അരവിന്ദൻ അജണ്ട പാസാക്കിയതായി അറിയിച്ച് യോഗം പിരിച്ചുവിട്ടു. ഇത് കൂടുതൽ ബഹളത്തിനും പ്രതിഷേധത്തിനും വഴിവെച്ചു.
ഭരണപക്ഷ കൗൺസിലർമാരായ കെ. എൽ. ഉണ്ണികൃഷ്ണൻ അനുവാദകനായും കെ. എസ്. അനൂപ് അവതാരകനായും നൽകിയ പ്രമേയമാണ് യോഗത്തിൽ അവതരിപ്പിച്ചത്.
ഇതിനെതിരെ യുഡിഎഫ് പ്രതിപക്ഷ കൗൺസിലർമാരും കൗൺസിൽ ഹാളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.കൗൺസിൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നതും പദ്ധതി നിർവഹണത്തിലെ ക്രമക്കേടുകളും കൗൺസിൽ യോഗങ്ങളിലെ നടപടികളിലെ കാലതാമസവും ഉൾപ്പെടെ സെക്രട്ടറിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഭരണപക്ഷം പ്രമേയത്തിൽ ഉന്നയിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് സെക്രട്ടറി മോശമായി പെരുമാറിയെന്നും കൗൺസിലിന്റെ ജനാധിപത്യ അധികാരത്തെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപിച്ചു.
സെക്രട്ടറിയെ അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റി പുതിയ സെക്രട്ടറിയെ നിയമിക്കുകയും വകുപ്പ് തല അന്വേഷണം നടത്തുകയും വേണമെന്നാണ് കൗൺസിലിന്റെ ആവശ്യം.അതേസമയം, പ്രമേയത്തിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കളവുമാണെന്ന് സെക്രട്ടറി അഭിലാഷ് കുമാർ രേഖാമൂലം നിഷേധിച്ചു. .ചിലരുടെ സ്വാർത്ഥ താല്പര്യത്തിനായി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. നഗരസഭയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായതിനാൽ അതിന് തയ്യാറായില്ല. അതിനാലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. നിയമപ്രകാരമുള്ള മറുപടി മിനിറ്റ്സിൽ രേഖപ്പെടുത്തുമെന്നും സെക്രട്ടറി വ്യക്തമാക്കി.

മുൻസിപ്പൽ ആക്ട് പ്രകാരം ചട്ടം പാലിച്ചില്ല പ്രമേയം അവതരിപ്പിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്ഷം നഗര സഭയെ ഒന്നാം സ്ഥാനത്ത് എത്തിച്ച സെക്രട്ടറി ഇപ്പോൾ എങ്ങിനെ അനഭിമ തനായി എന്ന് പരിശോധിക്കണം. നഗര സഭ ക്ക് വളം വിറ്റ് പണം നേടാമെന്നിരിക്കെ അത് നഗര സഭ യുടെ ലക്ഷങ്ങൾ ചിലവാക്കി വടക്കാഞ്ചേരിയിലെ ക്വാറിയിൽ നിക്ഷേപിക്കാൻ അനുവദിക്കാതിരുന്നതാണ് സെക്രട്ടറിക്കെതിരെ ഭരണപക്ഷം വാള് എടുക്കുന്നതെന്ന് ജോയ് ചെറിയാൻ ആരോപിച്ചു. ഹരിത കർമ്മ സേനയുടെ അകൗണ്ടിൽ കിടക്കുന്ന പണം എടുത്ത് കൊടുക്കണമെന്നാണ് ഭരണ പക്ഷ ത്തിന്റെ ആവശ്യം
കൗൺസിൽ നടപടികൾ മുനിസിപ്പൽ ആക്ട് അനുസരിച്ചല്ല പോയതെന്ന് ബിജെപി കൗൺസിലർ ശോഭാ ഹരിനാരായണൻ ആരോപിച്ചു. “ആക്ടിനെക്കുറിച്ച് പഠിക്കാതെയാണ് ചെയർപേഴ്സൻ സുനിത അരവിന്ദൻ പ്രമേയത്തിന് അനുമതി കൊടുത്തതും കൗൺസിൽ വിളിച്ചതും. പ്രമേയം അവതരിപ്പിക്കാൻ ആക്ടിൽ ചില മാനദണ്ഡങ്ങളുണ്ട്. അവ ലംഘിച്ചുകൊണ്ടാണ് പ്രമേയം അവതരിപ്പിച്ചത്” എന്നും അവർ പറഞ്ഞു.
സെക്രട്ടറിക്ക് മറുപടി പറയാനുള്ള ന്യായമായ അവകാശം നിഷേധിക്കപ്പെട്ടുവെന്നും ബിജെപി ചൂണ്ടിക്കാട്ടി. “ഇത് പ്രമേയമല്ല, സെക്രട്ടറിക്കെതിരെയുള്ള കുറ്റപത്രമാണ്. കുറ്റപത്രം തയ്യാറാക്കേണ്ടത് കൗൺസിലിന്റെയോ കൗൺസിലർമാരുടെയോ ഉത്തരവാദിത്വമല്ല” എന്നും ശോഭാഹരിനാരായണൻ പറഞ്ഞു.
“ഭരിക്കാൻ അറിയാതെ മൗനമായി ഇറങ്ങിപ്പോകാൻ മാത്രമേ കഴിയുന്നുള്ളൂ. ഭരിക്കാനോ കൗൺസിൽ നടത്താനോ മുനിസിപ്പൽ ആക്ട് പഠിക്കാനോ സാധിക്കില്ലെങ്കിൽ ചെയർപേഴ്സൻ രാജിവെച്ച് പോകണം” എന്ന് ബിജെപി കൗൺസിലർ ആവശ്യപ്പെട്ടു.
