
ലൈഫ് മിഷൻ കേസ്, വിജിലൻസ് അന്വേഷണം അവസാനിപ്പിക്കണം :അനിൽ അക്കര

തൃശൂർ : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ, അതേ വിഷയത്തിൽ സംസ്ഥാന വിജിലൻസ് നടത്തുന്ന അന്വേഷണം അവസാനിപ്പിച്ച് വിജിലൻസിന്റെ കൈവശമുള്ള എല്ലാ ഫയലുകളും രേഖകളും തെളിവുകളും സി.ബി.ഐയ്ക്ക് കൈമാറണമെന്ന് മുൻ എം.എൽ.എ. അനിൽ അക്കര ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിക്ക് അനിൽ അക്കര കത്ത് നൽകും.
ഒരേ വിഷയത്തിൽ ഒന്നിലധികം അന്വേഷണ ഏജൻസികൾ സമാന്തരമായി അന്വേഷണം നടത്തുന്നത് അന്വേഷണത്തിന്റെ കാര്യക്ഷമതയെയും നിയമനടപടികളുടെ ഏകോപനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും ഒരേയൊരു അന്വേഷണ ഏജൻസിയുടെ കൈവശം ലഭ്യമാകുമ്പോഴാണ് സമഗ്രവും സുതാര്യവും ഫലപ്രദവുമായ അന്വേഷണം ഉറപ്പാക്കാൻ കഴിയുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കേസിൽ ലൈഫ് മിഷൻ തന്നെ പ്രതിപ്പട്ടികയിലുള്ള സാഹചര്യത്തിൽ, അന്നത്തെ ലൈഫ് മിഷന്റെ ഭാരവാഹികളായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എ. സി. മൊയ്തീൻ, എം. ശിവശങ്കർ, യു. വി. ജോസ് എന്നിവരുടെ പങ്കും സമഗ്രമായി അന്വേഷിക്കപ്പെടേണ്ടതുണ്ടെന്ന് അനിൽ അക്കര ആവശ്യപ്പെട്ടു. അതിനാവശ്യമായ എല്ലാ രേഖകളും ഫയലുകളും വിജിലൻസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള ഹർജി പിൻവലിച്ച് സി.ബി.ഐ. അന്വേഷണത്തിന് പൂർണ സഹകരണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സർക്കാർ സഹകരണവും സി.ബി.ഐയ്ക്ക് നൽകണമെന്നും, നിയമത്തിന്റെ ആധിപത്യവും നീതിന്യായ നടപടികളുടെ വിശ്വാസ്യതയും സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അനിൽ അക്കര അഭ്യർത്ഥിച്ചു.

