അനന്യയുടെ മരണം ,വിശദമായ അന്വേഷണം നടത്തണം: മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി : ട്രാൻസ്ജെൻഡർ അനന്യയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എറണാകുളം ജില്ലാ പൊലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട അനന്യ കുമാരി അലക്സിന്റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം.
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിൽസാരേഖകൾ കൂടി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചതായും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അനന്യ ആരോപിച്ചിരുന്നു. ഓപ്പറേഷനിലെ പിഴവാണ് ആത്മഹത്യക്ക് കാരണം എന്ന് ആരോപിച്ച് റിനെ മെഡി സിറ്റിയിലേക്ക് ഇന്നലെ ട്രാൻസ്‌ജെൻഡർ വിഭാഗം മാർച്ച് നടത്തിയിരുന്നു . അനന്യയുടെ മൃതദേഹം വിദഗ്ധരടങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യിക്കണമെന്ന ട്രാന്‍സ്‌ജെന്‍ഡേഴ്സിന്‍റെ ആവശ്യം സർക്കാർ അംഗീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കളമശ്ശേരി മെഡിക്കൽ കോളജില്‍ വിദഗ്ദ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയത്