എം.ശിവശങ്കരിനെതിരെ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി എം.ശിവശങ്കരിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂര്‍ത്തിയാവാനിരിക്കേയാണ് ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു.
കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണ കേസിൽ ശിവശങ്കറിന്‍റെ സ്വത്തുക്കൾ കണ്ട് കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കസ്റ്റംസും എൻഐഎയും ഇഡിയും സ്വര്‍ണക്കടത്തിൻ്റെ വിവിധ വശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട് ഈ സാഹചര്യത്തിൽ ശിവശങ്കര്‍ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ അതു അന്വേഷണത്തെ ബാധിക്കുമെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
സ്വര്‍ണക്കടത്തിൻ്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ശിവശങ്കര്‍ എന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങിയ സഹായത്തിന് എല്ലാ സഹായവും ശിവശങ്കര്‍ ചെയ്തു കൊടുത്തു. ശിവശങ്കറിൻ്റെ അറിവോടെയാണ് കള്ളക്കടത്ത് നടന്നത്. കള്ളക്കടത്തിലൂടെ വലിയ സമ്പാദ്യമാണ് ശിവശങ്കര്‍ നേടിയത്. ഈ സമ്പാദ്യമെല്ലം കൈകാര്യം ചെയ്യാൻ ശിവശങ്കര്‍ സ്വപ്നയെ ആണ് ചുമതലപ്പെടുത്തിയത്.
സ്വപ്നയുടെ പേരിലുള്ള ലോക്കറിൽ നിന്നും ഇഡി കണ്ടെടുത്ത ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും ശിവശങ്കറിൻ്റേതാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കരാര്‍ ലഭിച്ചതിന് പ്രത്യുപകാരമായി സന്തോഷ് ഈപ്പന് ശിവശങ്കറിന് നൽകിയ കോഴപ്പണമാണ് ഈ ഒരു കോടി രൂപയെന്നും കുറ്റപ്പത്രത്തിൽ പറയുന്നത്.
ഇതോടൊപ്പം ശിവശങ്കറിൻ്റെ സ്വത്തുകൾ കണ്ടുകെട്ടാൻ കോടതി സഹായിക്കണമെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും അധിക വിവരങ്ങൾ ചേര്‍ത്ത് മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കുമെന്നും ഇഡി വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ധാരാളം ഡിജിറ്റൽ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ടെന്നും ഇഡി പറയുന്നു.