കോവിഡ് രോഗ ബാധ ഭീതിയിലും ആയിരങ്ങൾ ക്ഷേത്ര നഗരിയിലെത്തി.
ഗുരുവായൂര്‍: കോവിഡ് രോഗ ബാധ ഭീതിയിലും ഏകാദശി വൃതവുംനോറ്റ് ആയിരങ്ങൾ ഭഗവൽ ദർശനത്തിനായി ക്ഷേത്ര നഗരിയിലെ ഗുരുവായൂരപ്പസന്നിധിയിലെത്തി . ഓണ്‍ലൈനിലൂടെ ബുക്കുചെയ്തും, നെയ് വിളക്ക് ശീട്ടാക്കിയും ഭഗവത് ദര്‍ശനം നേടി ആയിരങ്ങള്‍ ആത്മസായൂജ്യം നേടി. ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമന പൂജയോടേയായിരുന്നു, ഏകാദശി ദിനത്തിൽ ക്ഷേത്രത്തിലെ ആഘോഷങ്ങള്‍. സാധാരണ ഏകാദശി വൃതംനോറ്റ് പതിനായിരങ്ങളായിരുന്നു, ഗുരുപവനപുരിയിലേയ്ക്ക് ഒഴുകിയെത്തിയിരുന്നത്.
ഏകാദശി വൃതത്തിന്റെ പൂര്‍ണ്ണതയ്ക്കായി 26ന് പുലര്‍ച്ചെ 4-മുതല്‍ 8.30-വരെ ദ്വാദശി പണവും നല്‍കി ഭക്തര്‍ ഏകാദശി വൃതം പൂര്‍ത്തിയാക്കും. മഹാഭാരതയുദ്ധത്തില്‍ തളര്‍ന്നുവീണ അര്‍ജ്ജുനന്, യോഗനിദ്രയില്‍നിന്നുണര്‍ന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍, വിശ്വരൂപം കാട്ടികൊടുത്തത് ഏകാദശിനാളിലാണെന്നാണ് ഐതിഹ്യം. കൂടാതെ ഭഗവാന്‍ ഗീതോപദേശം നല്‍കിയതും ഏകാദശി നാളിലാണ്. നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം രചിച്ച് ഭഗവത് പാദങ്ങളില്‍ അര്‍പ്പിച്ചതും ഏകാദശിനാളിലാണെന്നാണ് വിശ്വസിച്ചുവരുന്നത്.
രാവിലെ സ്വര്‍ണ്ണകോലത്തില്‍ തങ്കതിടമ്പേറ്റിയ കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ വിഷ്ണു ഭഗവാന്റെ ഭഗവാന്റെ കോലമേറ്റി. രാവിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പിന് കൊമ്പന്‍ ദാമോധര്‍ദാസും ഭഗവാന്റെ കോലമേറ്റി. പഞ്ചവാദ്യത്തിന്റെ അകമ്പടിയില്ലാതെ ദാസന്‍ വാര്യര്‍ കുത്തുവിളക്ക് പിടിച്ചും, വിഷ്ണുമാരാര്‍ വലംതല കൊട്ടിയും മാത്രമുള്ളതായിരുന്നു, പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പ്. ക്ഷേത്രത്തിനുമുന്നിലെ കിഴക്കേ വിളക്കുമാടത്തിന് മുന്നില്‍ നിന്ന് തൊഴുതുമടങ്ങാന്‍ വന്‍ നിരതന്നെ രൂപപ്പെട്ടിരുന്നു. പുറമേനിന്നുതൊഴുതുമടങ്ങാനുള്ള ഭക്തരുടെ ക്യൂ, സത്രം ഗൈറ്റും കടന്ന് കൗസ്തുഭം റസ്റ്റ്ഹൗസ് വരെയും നീണ്ടു. ആ നീണ്ടനിര വൈകുവോളം തുടരുകയും ചെയ്തു.
രാത്രിവിളക്കെഴുന്നെള്ളിപ്പിനും ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളിയത്. തിരക്ക് നിയന്ത്രിയ്ക്കാന്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസും സജീവമായി രംഗത്തുണ്ടായിരുന്നു. ഏകാദശി ദിനത്തില്‍ തുലാഭാരത്തിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മഹാമാരിയ്ക്കുശേഷം ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ തുലാഭാരവും നടന്നത് ഇന്നലേയാണ്. ഏകാദശി ദിനത്തില്‍ ക്ഷേത്രത്തില്‍ 45-വിവാഹങ്ങള്‍ നടന്നു. ദ്വാദശി ദിനമായ 26ന് 50-ഓളം വിവാഹങ്ങളാണ് ക്ഷേത്രത്തില്‍ ബുക്കുചെയ്തിട്ടുള്ളത്. >