ജനിച്ചത് പതിനായിരം സ്‌ക്വയര്‍ഫീറ്റുളള വീട്ടില്‍, പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെ: കെ എം ഷാജി
കോഴിക്കോട്: തന്റെ വീട് പൊളിക്കല്‍ അസാദ്ധ്യമായ കാര്യമാണെന്ന് കെ.എം ഷാജി എം.എല്‍.എ. നിയമവിരുദ്ധമായ നിര്‍മ്മാണമൊന്നും വീട്ടില്‍ നടന്നിട്ടില്ല. വീട് നിര്‍മ്മിക്കുമ്ബോള്‍ ബഫര്‍സോണായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. വീടിന് പെര്‍മിറ്റെടുത്താല്‍ ഒന്‍പത് വര്‍ഷം വരെ അതിന് കാലയളവുണ്ട്. 2012ലാണ് ഈ വീട് നിര്‍മ്മിച്ചതെന്നും വീട് പൊളിക്കാനുളള നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും കെ.എം ഷാജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.താന്‍ ജനിച്ചത് പതിനായിരം സ്‌ക്വയര്‍ഫീറ്റുളള വീട്ടിലാണ്. സാമ്ബത്തികമായി ഉയര്‍ന്ന കുടുംബമാണ്. പിണറായി വിജയനും ഇ.പി ജയരാജനും വീട് വച്ച രീതിയില്‍ തന്റെ വീടിനെ കാണേണ്ടെന്നും ഷാജി പറഞ്ഞു.
അഴീക്കോട് മണ്ഡലത്തില്‍ സ്‌കൂളിന് പ്ളസ്‌ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈപ്പറ്റി എന്ന ആരോപണത്തില്‍ കഴിഞ്ഞ ദിവസമാണ് കോര്‍പറേഷന്‍ അധികൃതര്‍ ഇ.ഡിയുടെ നിര്‍ദ്ദേശപ്രകാരം വീട് അളന്നത്. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായ പദ്‌മനാഭനാണ് വിജിലന്‍സില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് സാമ്ബത്തിക സ്രോതസ് അറിയാന്‍ ഇ.ഡി അന്വേഷണം തുടങ്ങി.കേസില്‍ കളളപ്പണം വെളുപ്പിക്കല്‍ ആക്‌ട് പ്രകാരമുളള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കടന്നിരുന്നു.
വീടിന് എത്ര മതിപ്പ് വിലവരുമെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേശ് കുമാറിന്റെ നേതൃത്വത്തില്‍ മാലൂര്‍കുന്നിന് സമീപമുളള വീട് അളന്നു.3200 സ്‌ക്വയര്‍ഫീറ്റില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി വാങ്ങിയെങ്കിലും വീട് 5500 ചതുരശ്ര അടിയോളം സ്ഥലത്താണെന്ന് അളവെടുപ്പില്‍ കണ്ടെത്തി. 2016ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്ബര്‍ ലഭിച്ചിട്ടില്ല. വീടിന്റെ മൂന്നാം നിലയിലായിരുന്നു പുതിയ നിര്‍മ്മാണം. കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചെന്ന് കാട്ടി വീട് പൊളിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.