Madhavam header
Above Pot

ഡല്‍ഹിക്ക് കേരളത്തില്‍ നിന്നല്ല..കേരളത്തിന് ഡല്‍ഹിയില്‍ നിന്നാണ് ഏറെ പഠിക്കാനുള്ളത്: കെ.സച്ചിദാനന്ദന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ ഒരുഘട്ടത്തില്‍ എല്ലാം കൈവിട്ടുപോവുകയാണെന്ന ആശങ്ക ഉയര്‍ന്നിരുന്നു. തലസ്ഥാനനഗരിയിലെ ആശുപത്രി സംവിധാനങ്ങളുടെ പരാധീനതകളും മറ്റും മാധ്യമങ്ങളില്‍ നിറഞ്ഞു. കോവിഡ് കേസുകള്‍ പെരുകി. മലയാളി നഴ്‌സുമാരടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പടര്‍ന്നതും ഭീതിക്കിടയാക്കി. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുകയും, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി സഹകരിച്ച്‌ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതോടെ കോവിഡ് ഒരുപരിധി വരെ വരുതിയിലായി. ഒരുപക്ഷേ ഉത്സവാഘോഷങ്ങള്‍ കഴിയുമ്ബോള്‍ ഒരുരണ്ടാം തരംഗത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെങ്കിലും. ഈ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെയും കേരളത്തിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്ത് എഴുത്തുകാരന്‍ കെ.സച്ചിദാനന്ദന്‍ ഇട്ട ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. നിരവധി പേര്‍ പോസ്റ്റിലെ വാദങ്ങളോട് യോജിച്ചും വിയോജിച്ചും എത്തി.

ഒരേപോലെ ജനസംഖ്യയുള്ള കേരളത്തിലെയും ഡല്‍ഹിയിലെയും സര്‍ക്കാരുടെ കോവിഡിനോടുള്ള സമീപനത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയന്നാണ് സച്ചിദാനന്ദന്‍ ചോദിക്കുന്നത്. സര്‍ക്കാരിന്റെ സമീപനത്തിലാണോ ജനങ്ങളുടെ സമീപനത്തിലാണോ ഈ വ്യത്യാസം എന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ താന്‍ മാത്രമല്ല എല്ലാവരും കുറച്ചുകൂടി പിരിമുറുക്കം കുറഞ്ഞ അന്തരീക്ഷത്തിലാണ്. ഡല്‍ഹിയിലും കോവിഡുണ്ടെങ്കിലും കേരളത്തിലെ അത്ര ഭീതി കാണാനില്ല. ഈ ഭീതി ആരുസൃഷ്ടിച്ചതാണെങ്കിലും. ഇവിടെയും ആളുകള്‍ മാസ്‌ക് ധരിക്കുകയും, സാധിക്കാവുന്നതോളം സാമൂഹിക അകലം പാലിക്കുകയും, ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തുപോവുകയും ചെയ്യുന്നു. ഇവിടെ മുന്‍കരുതലുണ്ട്, പക്ഷേ ഭീതിയില്ല.

Astrologer

രോഗികള്‍ക്ക് ഒറ്റപ്പെട്ടവരെന്ന ഭീതിയോ, വെറുക്കപ്പെട്ടവരെന്നോ തോന്നുന്നില്ല. കേരളത്തിലേതില്‍ നിന്നും വിരുദ്ധമായി ഇത്തരം ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള മനസ്ഥിതിയും കാണുന്നുണ്ട്. ഇങ്ങനെയല്ലാത്തതൊന്നും സംഭവിക്കുന്നില്ലെന്നല്ല. അതാണ് പൊതുവെ തോന്നുന്ന കാര്യം. ഡല്‍ഹിയില്‍ പൊലീസിന് റോള്‍ കുറവാണ്. കേരളത്തിലാണെങ്കില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ റൂട്ട് മാര്‍ച്ച്‌ വരെ നടന്നു. പൊലീസാണ് പലപ്പോഴും കണ്ടെയ്‌മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത്. ഭാഗികമായി ഇത് ഒറ്റപ്പെടലിന്റെ ഭീതിയും, ഇരയെ വേട്ടയാടുന്ന സമ്ബ്രദായവും പൊലീസിന്റെ അമിതോത്സാഹവും മൂലം സംഭവിക്കുന്നതാണ്. ഡല്‍ഹി കേരളത്തില്‍ നിന്ന് എന്നതിനേക്കാള്‍, കേരളം ഡല്‍ഹിയില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ടെന്നാണ് തനിക്ക് തോന്നുന്നത്-സച്ചിദാനന്ദന്റെ പോസ്റ്റില്‍ പറയുന്നു.

ഇടത് പക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന എഴുത്തുകാരനാണ് സച്ചിദാനന്ദന്‍. അദ്ദേഹത്തിന്റെ വിമര്‍ശനം കോവിഡ് നിയന്ത്രണത്തിന് അമിതമായി പൊലീസിനെ ആശ്രയിക്കുന്ന പിണറായി സര്‍ക്കാരിന്റെ ശൈലിക്കെതിരെ കൂടിയാണ്.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് മൂലം 6,163 പേര്‍ മരിച്ചുവെന്നും കേരളത്തില്‍ 1256 പേര്‍ മാത്രമേ മരിച്ചുള്ളുവെന്നും ചാര്‍മി ഹരികൃഷണന്‍ മറുപടിയായി എഴുതുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം ഡല്‍ഹിയേക്കാള്‍ കൈവരിച്ച സാമൂഹിക വികസനമാണ് മരണസംഖ്യ കുറയാന്‍ കാരണമെന്ന് റൂബിന്‍ ഡിക്രൂസ് അഭിപ്രായപ്പെടുന്നു. രണ്ട് സംസ്ഥാനങ്ങളുടെയും കോവിഡ് മാനേജ്‌മെന്റിനെ ജനസംഖ്യയുടെയും, മറ്റുഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ താരമതമ്യ പഠനം നടത്തിയാല്‍ മാത്രമേ നിയന്ത്രണത്തില്‍ ആരാണ് ഭേദമെന്ന് കണ്ടെത്താനാവൂ. എന്നാല്‍, രോഗം വന്നവരെ പഴിക്കുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രീതി കേരളത്തെ വേറിട്ട് നിര്‍ത്തുന്നുവെന്നാണ് സച്ചിദാനന്ദന്റെ അഭിപ്രായം. പൊലീസ് കോവിഡ് മാനേജ്‌മെന്റ് ഏറ്റെടുക്കുന്നതും, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീതിയും കേരള സമൂഹത്തിന്റെ പാകതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് റൂബിന്‍ഡിക്രൂസും അഭിപ്രായപ്പെടുന്നു.

ഡല്‍ഹിയിലെ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായി പുതിയ സിറോ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ സംസ്ഥാനത്തെ എല്ലാ 11 ജില്ലകളില്‍നിന്നും ശേഖരിച്ച 17,000 സാംപിളുകള്‍ പരിശോധിച്ചുള്ള മൂന്നാമത് സിറോളജിക്കല്‍ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം വ്യക്തമായത്. രണ്ടാം തരംഗം ഉണ്ടായാലും അതിനെ നേരിടാന്‍ ഡല്‍ഹി സജ്ജമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Vadasheri Footer