റോഡിലെ കുഴിയില്‍ വീണ് യുവാവിന്‍റെ മരണം , സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
കൊച്ചി: കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായതെന്നും കോടതി പറഞ്ഞു.
മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണെന്നും ഹൈക്കോടതി പറഞ്ഞു. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല. ഇനിയും എത്ര ജീവൻ ബലി കൊടുത്താലാണ് ഈ നാട് നന്നാക്കുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
2008 ലെ റോഡ് അപകടവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ആണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടക്കമുള്ള ബെഞ്ച് സര്‍ക്കാരിനെ അതി രൂക്ഷമായി വിമര്‍ശിച്ചത്. ഒരാൾ ഒരു കുഴി കുഴിച്ചാൽ അത് മൂടാൻ പ്രോട്ടോകോൾ നോക്കുകയാണെന്ന് പറഞ്ഞ കോടതി വകുപ്പ് തലങ്ങളിലെ ഏകോപമില്ലായ്മയേയും അതിരൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവിടാൻ മാത്രമെ കോടതിക്ക് കഴിയു. അത് നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടമായെന്നും കോടതി കുറ്റപ്പെടുത്തി.
മജിസ്റ്റീരിയൽ അന്വേഷണം നടത്തുന്നുണ്ടെന്നായിരുന്നു ഏജിയുടെ മറുപടി. എന്നാൽ അത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. <
ഇതിനിടെ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലാണ് തുക നല്‍കുമെന്ന് അറിയിച്ചത്. യുവാവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് കൂനമ്മാവ് സ്വദേശി യദുലാല്‍ (23) ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണത്. വീണ ഉടനെ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തു. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എട്ടുമാസം മുമ്ബാണ് റോഡില്‍ കുഴി രൂപപ്പെട്ടത്. ഇത്രയും നാള്‍ കുഴി അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ശേഷം കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവ ദിവസം രാത്രി തന്നെ കുഴി അടയ്ക്കുകയും ചെയ്തു.