ശബരിമല സ്ത്രീ പ്രവേശനം , സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി

">

ദില്ലി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ ഫാത്തിമയുടേയും ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ സ്ഫോടനാത്മകമാണ്, വയലൻസ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജികൾ മാറ്റിവച്ചു

zumba adv

യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ , അത് വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. അന്തിമ ഉത്തരവ് നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ ഞങ്ങൾ സംരക്ഷണം നൽകും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നങ്ങൾ ഇല്ലാതെ പോകാൻ ആകുമെങ്കിൽ പൊയ്ക്കോളു. പൊലീസ് സംരക്ഷണത്തോടെ പോകാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

വിശാല ബെഞ്ച് ഉടൻ രൂപീകരിക്കും. വിശാല ബെഞ്ചിന്‍റെ തീരുമാനം അറിഞ്ഞ ശേഷം പുനപരിശോധന ഹര്‍ജിയും പരിഗണിക്കും. ബിന്ദു അമ്മിണിയുടെ സുരക്ഷ നീട്ടാനും സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. രഹ്നാ ഫാത്തിമക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെടാൻ അവകാശം ഉണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്. യുവതീപ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹര്‍ജിയും ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജിയും ആണ് പരിഗണനക്ക് വന്നത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല വിഷയം വിപുലമായ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തിൽ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors