Madhavam header
Above Pot

പാലിയേക്കര ടോൾപ്ലാസ ഫാസ്റ്റ് ടാഗ്: നിലവിലുളള സ്ഥിതി തുടരുമെന്ന് ജില്ലാ കളക്ടർ

തൃശൂര്‍ :പാലിയേക്കര ടോൾപ്ലാസയിൽ ഡിസംബർ 15 മുതൽ ഫാസ്റ്റ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ തൽസ്ഥിതി തുടരുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ്. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം സർക്കാരുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേരും. ഫാസ്റ്റ് ടാഗിലേക്ക് പൂർണ്ണമായും മാറുന്നതുവരെ നിലവിലുള്ള രീതിപ്രകാരം വാഹനങ്ങൾക്ക് കടന്നുപോകാം. ടോൾ പ്ലാസ ഫാസ്റ്റ് ടാഗിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഉന്നതലയോഗത്തിലാണ് കളക്ടർ തീരുമാനം അറിയിച്ചത്.

zumba adv

Astrologer

പാലിയേക്കര ടോൾപ്ലാസയിൽ 24 മണിക്കൂറും പ്രത്യേക പോലീസ് ഫോഴ്‌സിനെ വിനിയോഗിക്കും. ടോൾപ്ലാസയ്ക്കടുത്തുള്ള പാർക്കിങ്ങ് ഒരു കിലോമീറ്റർ ദൂരത്തേയ്ക്ക് മാറ്റണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ടോൾപ്ലാസയിൽ വീണ്ടും പ്രശ്‌നങ്ങൾ ഉയർന്നാൽ ഇരുകൂട്ടർക്കെതിരെയും കേസെടുക്കും. പത്ത് കിലോമീറ്റർ ചുറ്റളളവിൽ താമസിക്കുന്ന പ്രാദേശവാസികൾക്ക് സൗജന്യ പാസ് സൗകര്യം നിലനിർത്തണമെന്നും ദേശീയപാതാ അതോറിറ്റിയോട് കളക്ടർ ആവശ്യപ്പെട്ടു. ശബരിമല സീസണായ സാഹചര്യത്തിൽ ടോൾപ്ലാസയിൽ അപ്പുറവും ഇപ്പുറവുമുള്ള ഓരോ വരികൾ മാത്രം പഴയ രീതിയിലെ സ്മാർട്ട് കാർഡുകാർക്ക് അനുവദിച്ചിരിക്കുന്നത് പ്രായോഗികമല്ല. പ്രായോഗികമല്ലാത്ത കാര്യങ്ങൾ ജില്ലയിൽ നടപ്പാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്റെ ‘വൺടാഗ് -വൺ ഇന്ത്യ ‘എന്ന പദ്ധതിയുടെ ഭാഗമായാണ് പാലിയേക്കരയിൽ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കാൻ ദേശീയപാതാ അതോറിറ്റി തീരുമാനിച്ചത്. ഡിജിറ്റൽ പെയ്‌മെന്റ് രീതിയിലുള്ള ടാഗ് നടപ്പാക്കിയാൽ ഇന്ത്യയിലെ മുഴുവൻ ടോൾപ്ലാസകളിലൂടെയും യാത്ര ചെയ്യാം എന്നാണ് അധികൃതർ പറയുന്നത്. 2018 ഏപ്രിലിൽ നിലവിൽ വന്ന ഫാസ്റ്റ് ടാഗ് നിയമം 2019 നവംബർ ഒന്നോട് കൂടി കർശനമാക്കുകയായിരുന്നു. ഫാസ്റ്റ് ടാഗ് സമ്പ്രദായത്തിലേക്ക് ടോൾപ്ലാസ പൂർണമായും മാറുന്നതോടെ, പുതിയ സമ്പ്രദായത്തിലേക്ക് മാറാത്തവർക്കായി ഇരുവശത്തും രണ്ട് ട്രാക്കുകൾ സ്ഥാപിക്കാൻ ടോൾപ്ലാസ അധികൃതർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലയിൽ 20 ശതമാനം മാത്രമാണ് ഫാസ്റ്റ് ടാഗ് സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. യോഗത്തിൽ ചാലക്കുടി എംഎൽഎ ബി ഡി ദേവസ്സി, കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ചാലക്കുടി എം പി ബെന്നി ബെഹനാൻ എന്നിവരുടെ പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ, ടോൾ പ്ലാസാ അധികൃതർ, മുകുന്ദപുരം താലൂക്ക് തഹസിൽദാർ എന്നിവർ പങ്കെടുത്തു.

Vadasheri Footer