Madhavam header
Above Pot

ബി ജെ പി ക്ക് തിരിച്ചടി , മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ട് തേടണം സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബി ജെ പി യുടെ കുതിര കച്ചവടത്തിന് തടയിട്ട് കോടതി . ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഉത്തരവ്. പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും സുതാര്യമായ വോട്ടെടുപ്പ് നടത്താനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കണം. അതിന് ശേഷം എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തണം. ശേഷം വിശ്വാസ വോട്ടെടുപ്പ്. നിയമസഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണം. ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ച് ചേര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്.24 മണിക്കൂറിനകമോ ഏറ്റവും അടുത്ത ദിവസമോ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന, എന്‍.സി.പി., കോണ്‍ഗ്രസ് സഖ്യം (മഹാവികാസ് അഘാഡി) സഖ്യം അടിയന്തര ഹര്‍ജി നല്‍കിയിരുന്നത്. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

Astrologer

അതേസമയം  കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട ബിജെപിക്ക് ഈ ഉത്തരവ് കനത്ത തിരിച്ചടിയായി. ഗവര്‍ണര്‍ 14 ദിവസം അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു ബിജെപിയും ഫഡ്‌നാവിസും കോടതിയില്‍ വാദിച്ചിരുന്നത്. സ്പീക്കറെ തിരഞ്ഞെടുത്തതിനു ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാവൂ എന്നും ബിജെപി വാദിച്ചിരുന്നു.170 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്‌നാവിസ് നല്‍കിയ കത്തും അതിന്റെയടിസ്ഥാനത്തില്‍ അദ്ദേഹത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്തും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.അജിത് പവാറിനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു കൊണ്ട് എന്‍.സി.പി.യുടെ 54 അംഗങ്ങള്‍ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്‌നാവിസ് കത്തു നല്‍കിയത്.

ബി.ജെ.പി.യുടെ 105 അംഗങ്ങള്‍കൂടി ചേരുമ്പോള്‍ 170 പേരുടെ പിന്തുണ കണക്കാക്കിയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ഫഡ്‌നാവിസിനെ ക്ഷണിച്ചത്. 54 അംഗങ്ങളുടെ നേതാവായ അജിത് പവാറിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് ഫഡ്‌നാവിസ് ഗവര്‍ണര്‍ മുമ്പാകെ അവകാശപ്പെട്ടത്. എന്നാല്‍, എന്‍.സി.പി. അംഗങ്ങളുടെ പിന്തുണ, അജിത് പവാറിനെ നേതാവാക്കാന്‍ നല്‍കിയതാണോ അതോ ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നല്‍കിയതാണോയെന്ന വ്യക്തമായ ഉത്തരം തിങ്കളാഴ്ച കോടതിക്കു ലഭിച്ചില്ല.

154 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ത്രികക്ഷികള്‍ തൊട്ടുപ്പിന്നാലെ 162 എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. അജിത് പവാറിനൊപ്പം പോയ എന്‍സിപി എംഎല്‍എമാര്‍ തിരിച്ചെത്തിയതും സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതുമാണ് ത്രികക്ഷികളുടെ അംഗസംഖ്യ വര്‍ധിപ്പിച്ചത്. വൈകീട്ടോടെ 162 എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തി ശക്തിപ്രകടനവും നടത്തി.
ഹര്‍ജി അവധിദിനമായ ഞായറാഴ്ച കോടതി കേട്ടെങ്കിലും ഉടന്‍ വിശ്വാസവേട്ടെടുപ്പ് എന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. എന്നാല്‍ തിങ്കളാഴച ഇരുപക്ഷത്തിന്റേയും വാദം കേട്ട ശേഷം വിധി പറയുന്നത് കോടതി വീണ്ടും ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Vadasheri Footer