ഇത്തവണയും തൃപ്തി ദേശായിക്കും സംഘത്തിനും ശബരിമല ദര്‍ശനമില്ല .

">

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതോടെ മടങ്ങിപ്പോകാൻ ഉപാധി വച്ച് തൃപ്തി ദേശായിയും സംഘവും. പ്രതിഷേധങ്ങൾ ശക്തമാകുകയും ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവവും ചൂണ്ടിക്കാട്ടിയ പൊലീസ് കോടതി വിധിയിലെ അവ്യക്തതയും വിശദീകരിച്ചു. ശബരിമലയിലേക്ക് പോകാൻ സുരക്ഷ നൽകാനാകില്ലെങ്കിൽ അത് പൊലീസ് എഴുതി നൽകണമെന്ന നിലപാടാണ് തൃപ്തിയും സംഘവും എടുത്തത്. ശബരിമലയിൽ സന്ദര്‍ശനം നടത്താൻ ഭരണഘടനാപരമായ അവകാശം ഉണ്ട്. അത് നിഷേധിക്കുകയാണെങ്കിൽ അതിന് കാരണം വ്യക്തമാക്കണമെന്നും തൃപ്തി ദേശായിയും സംഘവും ആവശ്യപ്പെട്ടു,

സംരക്ഷണം നൽകേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തമാണെന്ന് ബിന്ദു അമ്മിണി പ്രതികരിച്ചു. സംരക്ഷണം നൽകാൻ തയ്യാറായില്ലെങ്കിൽ സംയുക്തമായി കോടതി അലക്ഷ്യ ഹര്‍ജി ഫയൽ ചെയ്യാനാണ് തീരുമാനം എന്നും ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം സംരക്ഷണം നൽകേണ്ടതില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളിലെ കോടതി വിധിയിൽ അവ്യക്തതയുണ്ട്, അത് പരിഹരിച്ച് മതി യുവതീ പ്രവേശന നടപടികളെന്ന് സര്‍ക്കാരും നിലപാട് എടുത്തിട്ടുണ്ട്. ഈ സാഹചര്യമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. രാത്രിയിലുള്ള വിമാനത്തിൽ സുരക്ഷിതരായി തൃപ്തിയേയും സംഘത്തെയും തിരിച്ച് അയക്കാമെന്നാണ് പൊലീസിന്‍റെ നിലപാട്. ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചതോടെ കമ്മീഷണര്‍ ഓഫീസിന് മുന്നിൽ നടത്തിയ നാമജപ പ്രതിഷേധം കര്‍മ്മസമിതി അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors