Madhavam header
Above Pot

കുട്ടികളുടെ സുരക്ഷക്കായി കർശന നടപടി: മന്ത്രി എ.സി മൊയ്തീൻ

തൃശൂര്‍: കുട്ടികളുടെ സുരക്ഷക്കായി കർശന നടപടികൾ കൈക്കൊള്ളുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. തൃശൂർ ടൗൺഹാളിൽ ബാലസൗഹൃദ ജില്ല വെബ്‌പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുട്ടികളോടുള്ള വിവേചനവും അതിക്രമവും ഇല്ലാതാക്കാൻ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തും. ബാലസൗഹൃദ പദ്ധതി നടപ്പിലാക്കുന്നതിൽ തൃശൂർ മറ്റു ജില്ലകൾക്ക് മാതൃകയാണ്. കുട്ടികളുടെ ആവശ്യങ്ങളറിഞ്ഞ് പ്രാവർത്തികമാക്കാനായി വകുപ്പ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വൃത്തിയാക്കാനുള്ള നിർദേശം കളക്ടർക്ക് നൽകിയതായും മന്ത്രി പറഞ്ഞു.
ജില്ല ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഡാറ്റാ വിശകലനത്തിനും അവലോകനത്തിനുമായാണ് വെബ്‌പോർട്ടൽ. കിലയുടെ സഹകരണത്തോടെയാണ് ജില്ലയിലെ പൂജ്യം മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചത്. സോഫ്റ്റ്വെയർ രൂപകല്പന ചെയ്തത് തൃശൂർ ഗവ എഞ്ചിനീയറിംഗ് കോളേജ് ആണ്.
ജില്ലാ പഞ്ചായത്തും ജില്ലാതല ഐ.സി.ഡി.എസ് സെല്ലും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ അങ്കണവാടികൾക്കുള്ള വാട്ടർ ഫിൽറ്ററും എ.സിയും കോർപറേഷൻ മേയർ അജിത വിജയൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു.

Astrologer

ജില്ലാ കളക്ടർ എസ്. ഷാനവാസ് ബാലസൗഹൃദ സന്ദേശം നൽകി. ബാലസൗഹൃദ തദ്ദേശഭരണ സാധ്യതകളെപ്പറ്റി കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ക്ലാസെടുത്തു. കില അസോസിയേറ്റ് പ്രൊഫസർ ഡോ. പീറ്റർ രാജ് കുട്ടികളുടെ ഡാറ്റ പ്രകാശനം ചെയ്തു. ഡാറ്റകൾ മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി, പുഴയ്ക്കൽ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് വി കുര്യാക്കോസ്, കോർപറേഷന് വേണ്ടി സി.ഡി.പി.ഒ ശരണ്യ എന്നിവർ ഏറ്റുവാങ്ങി. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളുടെ കലാ പ്രകടനങ്ങളും, മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ പെൺകുട്ടികളുടെ ത്വയ്കാണ്ടോ അഭ്യാസവും അരങ്ങേറി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ ജെ ഡിക്‌സൻ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ എം. പത്മിനി ടീച്ചർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയ കുമാർ, ജില്ലാ തല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ ചിത്രലേഖ കെ കെ തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer