Madhavam header
Above Pot

ഷെഹലയുടെ മരണം , വയനാട്ടില്‍ പ്രതിഷേധസമരം

സുല്‍ത്താന്‍ ബത്തേരി: ക്ലാസ്മുറിയിൽനിന്ന് പാമ്പുകടിയേറ്റ് ഗവ. സർവജന ഹയര്‍ സെക്കൻഡറി സ്‌കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ മരിച്ച സംഭവത്തിൽ ജില്ലയിലുടനീളം പ്രതിഷേധാഗ്നി ആളിപ്പടർന്നു. രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനുമുന്നിൽ പ്രതിഷേധിച്ചപ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ഓഫിസുകൾക്കുമുന്നിലും തെരുവിലും പ്രക്ഷോഭം ഉയർന്നു. സ്കൂളിനുമുന്നിലെ രക്ഷിതാക്കളുടെ പ്രതിഷേധം വാക്കേറ്റത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയപ്പോൾ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

വിദ്യാർഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പറ്റ യില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് ഉപരോധിച്ചു. സ്‌കൂള്‍ അധികൃതരില്‍നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ പ്രധാനാധ്യാപകര്‍ക്ക് ജില്ല വിദ്യാഭ്യാസ ഓഫിസര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ മുഖേന നിര്‍ദേശം നല്‍കുമെന്ന് ഉറപ്പുനല്‍കി.

Astrologer

സംഭവത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എം.ഒ ഓഫിസ് ഉപരോധിച്ചു. ആശുപത്രി സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധസമരം. എം.ജി. ബിജു, എ.എം. നിശാന്ത്, അസീസ് വാളാട്, മുജീബ് കോടിയാടന്‍, പി.എം. ബെന്നി, സുശോഭ് ചെറുകുമ്പം, ഷംസീര്‍ അരണപ്പാറ എന്നിവർ നേതൃത്വം നല്‍കി. ബത്തേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെപ്യൂട്ടി ഡി.എം.ഒയെ ഉപരോധിച്ചു.

ഇതിനിടെ ഷെഹല ഷെറിന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ്. കുറ്റക്കാരായ മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഷെഹലയുടെ കുടുംബത്തിന് ഉറപ്പ് നൽകി. സർവജന ഹൈസ്കൂളിന്‍റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ഷെഹല ഷെറിന്‍റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് ഷെഹല ഷെറിന്റെ വീട്ടിലെത്തിയത്. കൃഷി മന്ത്രി വി.എസ് സുനിൽ കുമാറും ഒപ്പമുണ്ടായിരുന്നു. ഷെഹലയുടെ പിതാവ് അബ്ദുൾ അസീസിനെ ചേർത്തു നിർത്തിയാണ് അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്ചയ്ക്ക് മന്ത്രി മാപ്പ് ചോദിച്ചത്.

വിഷയത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ മന്ത്രി കുടുംബാംഗങ്ങളെയും ജനപ്രതിനിധികളെയും അറിയിച്ചു. തുടർന്ന് മാധ്യമങ്ങളെ കണ്ട മന്ത്രി, സർവജന സ്കൂളിന് പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ചു. തുടർന്ന് സർവജന സ്കൂൾ സന്ദർശിക്കാനായി മന്ത്രി എത്തിയപ്പോഴേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധമുയർത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മന്ത്രി സ്കൂൾ സന്ദർശിച്ചത്.

കൽപ്പറ്റയിലും ബത്തേരിയിലും യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി .

അതിനിടെ ഷെഹലയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും ഈ തുക ആരോപണവിധേയരായ അധ്യാപകരിൽ നിന്നും ഡോക്ടറിൽ നിന്നും ഈടാക്കണമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് ആവശ്യപ്പെട്ടു

Vadasheri Footer