ചാവക്കാട് നൗഷാദ് വധം ഒരാൾ കൂടി അറസ്റ്റിൽ
ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി പി.ഐ പ്രവർത്തകൻ ചെറുതുരുത്തി സ്വദേശി അർഷദിനെയാണ് അറസ്റ്റ് ചെയ്തത് . ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അർഷാദ് ഇന്ന് രാവിലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു .കീഴടങ്ങിയ അർഷാദിനെ തൃശൂരിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനായി കൈമാറി .
.കൊലപാതകത്തിലെ മുഖ്യ ആസൂത്രകനായ പുന്ന അറക്കൽ ജമാലുദ്ദീനെന്ന കാരി ഷാജി–49, ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ (കറുപ്പംവീട്ടിൽ) ഫൈസൽ (37), എസ്.ഡി.പി.ഐ പ്രവർത്തകനായ ചാവക്കാട് നാലാംകല്ല് സ്വദേശി മുബീൻ(26), പോപ്പുലർ ഫ്രണ്ട് മന്ദലംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30), പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ(37), പോപ്പുലർ ഫ്രണ്ട് ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് കരിപ്പയിൽ ഫാമിസ് (43) എന്നിവരാണ് നേരത്തെ അറസ്റ്റിലായ മറ്റു പ്രതികൾ.
നൗഷാദിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. അന്വേഷണം കാര്യക്ഷമമാക്കണം എന്ന നൗഷാദിന്റെ കുടുംബത്തിന്റെ ആവശ്യം കണക്കിലെടുത്താണ് ഈ തീരുമാനം.തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി. കെ.എസ്. സുദര്‍ശന്‍, തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.എ. ഉല്ലാസ്, മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.പി. മോഹനചന്ദ്രന്‍, തൃശ്ശൂര്‍ സിറ്റി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി. സി.ഡി. ശ്രീനിവാസന്‍, പൊന്നാനി തീരദേശ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.
ജൂലൈ 30നാണ് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഗുരുതരമായി വെട്ടേറ്റ നൗഷാദ് 31ന് പുലർച്ചെ മരണത്തിന് കീഴടങ്ങി . കേസില്‍ 20 പ്രതികളാണുള്ളത്. അര്‍ഷാദ് ഉള്‍പ്പെടെ കേസില്‍ അന്വേഷണസംഘം അറസ്റ്റുചെയ്ത ഏഴ് പ്രതികളും എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ്.