Madhavam header

പാലാരിവട്ടം പാലം , മുൻ‌കൂർ പണം നൽകിയത് നയപരമായ തീരുമാനം : ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിന് മുൻ‌കൂർ തുക അനുവദിച്ചത് നയപരമായ തീരുമാനമായിരുന്നുവെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് .
റിമാൻഡിലുള്ള ഉദ്യോഗസ്ഥൻ ജാമ്യാപേക്ഷയിൽ പറയുന്നതിന് മന്ത്രിയായ ഞാൻ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ ഇബ്രാഹിംകുഞ്ഞ്, മുൻകൂർ പണം നൽകിയതിൽ ചട്ടലംഘനമൊന്നുമില്ലെന്ന് അവകാശപ്പെട്ടു. മൊബിലൈസേഷൻ അഡ്വാൻസ് അഥവാ പാലം പണിയ്ക്കുള്ള ഫണ്ട് ശേഖരിക്കാനടക്കമുള്ള മുൻകൂർ പണം നൽകുന്ന കീഴ്‍വഴക്കം കഴിഞ്ഞ എല്ലാ സർക്കാരുകളും തുടർന്ന് വരുന്നതാണ്. ഈ സർക്കാരും അത് ചെയ്യുന്നുണ്ട്. ബജറ്റിതര പ്രോജക്ടുകൾക്കെല്ലാം ഇത്തരത്തിൽ പണം നൽകാറുണ്ട്. ബജറ്റിൽ തുക വകയിരുത്താത്ത എല്ലാ പദ്ധതികൾക്കും ഇത്തരത്തിൽ പണം നൽകാൻ കഴിയും.

അതിന്, ഇത്തരത്തിൽ മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കാമെന്ന കാര്യം കരാറിലുണ്ടായിരുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അത് ഒരു മന്ത്രിയുടെ വിവേചനാധികാരമാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ വിധിയുണ്ടെന്നുമായിരുന്നു കുഞ്ഞിന്‍റെ മറുപടി. ”എഞ്ചിനീയറിംഗ് പ്രൊക്യൂർമെന്‍റ് കോൺട്രാക്ടായിരുന്നു ഇത്. കെഎസ്‍ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകൾക്കും ഇത്തരത്തിൽ അഡ്വാൻസ് നൽകാം. താഴെ നിന്ന് വന്ന ഫയൽ ഞാൻ കണ്ട് തീരുമാനമെടുത്തതാണ്. അത് ഒരു മന്ത്രിയുടെ അവകാശമാണ്”, എന്ന് ഇബ്രാഹിംകുഞ്ഞ്.

Astrologer

ടി ഒ സൂരജിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. കുറേക്കാലം പൊതുമരാമത്ത് വകുപ്പിന് സ്വന്തമായി സെക്രട്ടറിയുണ്ടായിരുന്നില്ല. അഡീഷണൽ സെക്രട്ടറിമാർക്ക് അധിക ചുമതല നൽകുകയായിരുന്നു പതിവ്. ലോകബാങ്ക് ഉൾപ്പടെയുള്ള ഏജൻസികൾ ഇതിൽ ബുദ്ധിമുട്ട് അറിയിച്ച സാഹചര്യത്തിലാണ് ഇത് മാറ്റി വകുപ്പിനൊരു സെക്രട്ടറിയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു.

പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം പഴുതുകളില്ലാത്ത വിധം മുൻ മന്ത്രിയെ ചോദ്യം ചെയ്യാനാണ് വിജിലൻസ് ഒരുങ്ങുന്നത്. അതിനുള്ള ഒരുക്കങ്ങളാണ് അന്വേഷണസംഘം നടത്തുന്നതും.

തലസ്ഥാനത്തെ വിജിലൻസ് ഡയറക്ട‌ർ വിളിച്ചുചേ‍ർത്ത അവലോകന യോഗത്തിന് ശേഷമാണ് പാലാരിവട്ടം പാലം അഴിമതി കേസിന്‍റെ അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് തീരുമാനിച്ചത്. അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തന്നെ മുൻ മന്ത്രിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ നടപടി അധികം വൈകുന്നത് പൊതുജന മധ്യത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് വിജിലൻസിന് മേൽത്തട്ടിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ഈ പശ്ചാത്തലത്തിൽ ഇബ്രാഹിം കുഞ്ഞിനൊപ്പം കിറ്റ്‍കോയിലെയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷനിലെയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കാളിത്തം സംബന്ധിച്ച് രേഖകളടക്കമുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ കൂടി ഉണ്ടെങ്കിൽ അവ കൂടി കൃത്യമായി ശേഖരിക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് ഇബ്രാംഹിം കുഞ്ഞിന് നോട്ടീസ് നൽകും. കിറ്റ്‍കോയുടെയും റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോർപ്പറേഷന്‍റെയും ഉദ്യോഗസ്ഥരെയും വിളിപ്പിക്കും. എന്നാൽ ഇബ്രാഹിം കുഞ്ഞിന്‍റെ കാര്യത്തിൽ ടി ഒ സൂരജ് അടക്കമുള്ളവർ ചേർന്ന് ഉന്നതതല ഗൂഢാലോചനയാണ് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. മുൻ പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

buy and sell new

എന്നാൽ, അധികാര ദുർവ്വിനിയോഗത്തിന്‍റെയോ അഴിമതിയുടെയോ തെളിവുകൾ ഹനീഷിനെതിരെ ഇതുവരേയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് മുൻകൂട്ടി കണ്ട്, മുൻകൂർ ജാമ്യം തേടുന്നതുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് വിശ്വസ്തരായ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയത്. എന്നാൽ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകും മുമ്പേ മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ പൊതുജനങ്ങൾക്കിടയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും നോട്ടീസ് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കാമെന്നുമാണ് ലഭിച്ച നിയമോപദേശം.

Vadasheri Footer