രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട് മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിലപേശല്‍ തുടരുകയാണ്. രാജിവച്ച 13 എംഎല്‍എമാര്‍ക്കും സ്ഥാനം നല്‍കാനായി മന്ത്രിസഭയിലെ 13 മന്ത്രിമാര്‍ രാജിവയ്ക്കേണ്ടി വരും. ചര്‍ച്ചകളോട് ഇതുവരെ വിമതര്‍ പ്രതികരിച്ചിട്ടില്ല. ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യേണ്ടി വരും.
മുംബൈയിലെ ഹോട്ടലില്‍ തങ്ങുന്ന 10 വിമത എംഎല്‍എമാരുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര സിന്‍ഹി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിനു ഭീഷണിയില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. എന്ത് വിലകൊടുത്തും കര്‍ണാടകയിലെ മന്ത്രിസഭ നിലനിര്‍ത്തുക എന്ന എ.ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരത്തിലൊരു ഒത്തുതീര്‍പ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. രാജിവെച്ച 13 എം.എല്‍.എ മാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനായി മന്ത്രിസഭയിലെ 13 മന്ത്രിമാരെ രാജിവെപ്പിക്കാനാണ് നീക്കം. ഇത് വിമതര്‍ അംഗീകരിക്കുന്നതിന് അനുസരിച്ചിരിക്കും സഖ്യസര്‍ക്കാരിന്റെ ഭാവി. 105 എംഎല്‍എമാരുടെ പിന്തുണയില്‍ ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ജൂലൈ 12-നു ശേഷം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.