കത്താത്ത തെരുവ് വിളക്ക് ,മെഴുകുതിരി കത്തിച്ചും, റാന്തലുമായും കൗൺസിലിൽ പ്രതിപക്ഷം
ഗുരുവായൂർ : തെരുവുവിളക്കുകൾ കത്തിക്കുന്നതിന് നടപടിയെടുക്കാത്ത ഗുരുവായൂർ നഗരസഭ ഭരണാധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽ റാന്തൽവിളക്കും മെഴുകുതിരി തെളിയിച്ചും പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ചെയർപേഴ്‌സൺ വി.എസ് രേവതി അജണ്ട പാസാക്കിയതായി അറിയിച്ച് കൗൺസിൽ യോഗം പിരിച്ചുവിട്ടു.
കൗൺസിൽ യോഗം തുടങ്ങിയ ഉടനെ നഗരസഭയിലെ വിവിധ വാർഡുകളിൽ തെരുവ് വിളക്കുകൾ കത്താത്തതിനെതിരെ കോൺഗ്രസ് കൗൺസിലർമാർ ഇരിപ്പിടത്തിനു മുമ്പിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. തുടർന്ന് ആന്റോ തോമസ് കത്താത്ത റാന്തൽ വിളക്കുമായി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ഗുരുവായൂർ നഗരസഭയിൽ ഭൂരിഭാഗം തെരുവു വിളക്കുകളും കരാറുകാരനെ കൊണ്ട് കത്തിക്കുന്നതിന് നടപടിയെടുക്കണമെന്നും തന്റെ വാർഡിലെ മുപ്പതോളം തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും അത് തെറ്റാണെന്ന് ഭരണപക്ഷം തെളിയിക്കുകയാണെങ്കിൽ കൗൺസിലർ സ്ഥാനം രാജി വെക്കുമെന്നും കൗൺസിൽ യോഗത്തിൽ വെല്ലുവിളിച്ചു.
തുടർന്ന് റാന്തൽ വിളക്ക് ചെയർപേഴ്‌സന്റെ ഡയസിനു മുന്നിൽ വെക്കുന്നതിനുള്ള ശ്രമം നടത്തവെയാണ് ഭരണപക്ഷത്തെ കൗൺസിലർമാർ ശക്തമായ പ്രതിരോധം സ്യഷ്ടിച്ചത്. ഭരണപക്ഷ കൗൺസിലർമാരായ ഹബീബ് നാരായണൻ , ടി.എസ് ഷെനിൽ, കെ.വി വിവിധ് , വൈസ് ചെയർമാ്# കെ.പി വിനോദ് എന്നിവർ നടുത്തളത്തിലിറങ്ങിയതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ കൗൺസിൽ വലിയ രീതിയിലുള്ള വാക്കേറ്റത്തിന് കൗൺസിൽ സാക്ഷിയാവുകയായിരുന്നു. കൗൺ സിലർമാർ തമ്മിൽ കൈയാങ്കളി ഉണ്ടാകുമെന്ന സ്ഥിതി വിശേഷം വരെ ഉണ്ടായെങ്കിലും ഭരണ പ്രതിപക്ഷ കൗൺസിലർമാർ തന്നെ ഇടപ്പെട്ട് ഒഴിവാക്കുകയായിരുന്നു. ഇതിനിടിയിൽ കൗൺസിൽ പിരിച്ചു വിട്ടതായി ചെയർപേഴ്‌സൺ യോഗത്തെ അറിയിച്ചു.