ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തരിൽ ആശങ്ക
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച സ്വർണം കൈമാറ്റം ചെയ്യുന്നതിൽ ഭക്തർ വലിയ ആശങ്കയിൽ . ഗുരുവായൂർ ക്ഷേത്രത്തിന്റെ സ്ട്രോങ്ങ് റൂമിലെ ലോക്കറിൽ ഉള്ള 350 കിലോ സ്വർണമാണ് മുംബൈയിലെ സർക്കാർ സ്വർണ ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച ശേഷം എസ് ബി ഐ ബാങ്കിന് കൈമാറുന്നത് . ഈ സ്വർണത്തിന്റെ മൂല്യം കണക്കാക്കി രണ്ടര ശതമാനം പലിശ ബാങ്ക് ദേവസ്വത്തിന് നൽകും . എന്നാൽ ക്ഷേത്ര മുതൽ കൈമാറിയാൽ പിന്നീട് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നാണ് ഭക്തർ ഭയക്കുന്നത് . നേരത്തെ രണ്ടു തവണയായി അറുനൂറിലധികം കിലോ സ്വർണം ഇത് പോലെ കൈമാറ്റം ചെയ്തിട്ടുണ്ട് .ഇത്തവണ കൂടിയാകുമ്പോൾ ആയിരത്തിൽ താഴെ കിലോ സ്വർണമാണ് ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത് .
മുൻപ് കേന്ദ്ര സർക്കാരിന്റെ കൈയിലുള്ള കരുതൽ സ്വർണം ബ്രിട്ടീഷ് ബാങ്കിൽ പണയം വെച്ച ഭരണാധികാരികൾ ഉണ്ടായിരുന്ന നാട്ടിൽ നാളെ എന്ത് നടക്കും എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണെന്നതാണ് ഭക്തർ ആശങ്ക പെടുന്നത് . ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും അന്യാധീനപ്പെട്ട വസ്തുവകകൾ ഒന്നും തിരിച്ച് ക്ഷേത്രത്തിലേക്ക് ലഭിച്ചിട്ടില്ല എന്നതാണ് ഭക്തരുടെ ആശങ്കക്ക് അടിസ്ഥാനം. ഗുരുവായൂർ വൈദ്യുത സബ് സ്റ്റേഷൻ നിർമിക്കാൻ വേണ്ടി ക്ഷേത്രത്തിന്റെ കണ്ണായ ഭൂമിയാണ് വൈദ്യുതി വകുപ്പിന് പാട്ടത്തിന് നൽകിയത് .തൈക്കാട് ജംഗ്‌ഷനിൽ തൃശൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരേക്കർ വരുന്ന ഭൂമി ഒരു വർഷത്തേക്ക് 99 രൂപ നിരക്കിൽ 99 വർഷത്തേക്കാണ്വൈദ്യുതി വകുപ്പിന് പാട്ടത്തിന് കൊടുത്തത് . ആർ ബാല കൃഷ്ണ പിള്ള വൈദ്യുതി വകുപ്പ് മന്ത്രിയായ 1982 ലാണ് അന്നത്തെ ദേവസ്വം ഭരണ സമിതിയുമായി കരാർ ഉണ്ടാക്കിയത് .
അതിന് പകരമായി ഒരു തടസ്സവുമില്ലാതെ ഗുരുവായൂർ ദേവസ്വത്തിന് വൈദ്യുതി നൽകുമെന്ന് കരാർ ഉണ്ടാക്കുകയും ചെയ്തു .ആദ്യമെല്ലാം ഒരു മുടക്കവും കൂടാതെ ക്ഷേത്രത്തിലേക്ക് വൈദ്യുതി നൽകിയിരുന്ന കെ എസ് ഇ ബി അതൊക്കെ പണ്ടേ മറന്നു .ദിവസവും ഇടക്കിടെയുള്ള പവർ കട്ട് കാരണം ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ദേവസ്വം ആവശ്യമായ വൈദ്യുതി ഉണ്ടാക്കുന്നത് . ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ ഡീസലിനായി ലക്ഷ കണക്കിന് രൂപയാണ് ഓരോ വർഷവും ദേവസ്വം ചിലവഴിക്കുന്നത് . ഇപ്പോൾ സബ് സ്റ്റേഷൻ നിൽക്കുന്നത് ഗുരുവായൂർ ക്ഷേത്രം ഭൂമിയിൽ ആണെന്നും , ഇങ്ങനെ ഒരു കരാർ ഉള്ള വിവരവും കെ എസ് ഇ ബി അധികൃതർക്ക് അറിയില്ല .അതുപോലെത്തന്നെയാണ് ദേവസ്വം ഭരണാധികാരികൾക്കും .അവർക്കും ഇക്കാര്യത്തിൽ യാതൊരു ധാരണയുമില്ല .ഇതുപോലെ വർഷങ്ങൾ ഒരു പാട് കഴിഞ്ഞാൽ ആളുകൾ മാറുകയും കടലാസുകൾ നഷ്ടപ്പെടുകയും ചെയ്താൽ ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടില്ലേ എന്നാണ് ഭക്തർ ആശങ്ക പ്പെടുന്നത് . ഇത് വിത്തെടുത്ത് കുത്തുന്നത് പോലെ ആകുമോ എന്നും ഭക്തർ ഭയക്കുന്നുണ്ട് .