അമ്പതിനായിരം കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍പരിശീലനം നല്‍കും: മന്ത്രി എ.സി. മൊയ്തീന്‍
കൊടുങ്ങല്ലൂര്‍: പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മ്മിതിയ്ക്കായി അമ്പതിനായിരം കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. പത്തിനം തൊഴിലുകളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. കുടുംബശ്രീ വഴി കണ്ടെത്തുന്ന തൊഴിലുകളില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാം. ആവശ്യമായ തൊഴിലുപകരണങ്ങളും, സ്വന്തമായി തൊഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് ചെറിയ പലിശയില്‍ ലോണുകളും അനുവദിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് ലാന്റിംഗ് പ്ലെയ്സില്‍ താമസിച്ചവര്‍ക്കുള്ള ഭവനസമുച്ചയം ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തൊഴിലവസരങ്ങള്‍ കേരളത്തില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തി ജനങ്ങളെ തൊഴില്‍സംരംഭകരാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലും ജീവിതസൗകര്യങ്ങളും ഒരുമിച്ച് ചേര്‍ത്തുള്ള പദ്ധതികള്‍ രൂപപ്പെടുത്തണം. ഭവനരഹിതരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. തൊഴില്‍ലഭ്യതയും പരിസ്ഥിതിയും പരിഗണിച്ചാവണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടത്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമയെടുത്ത് ചെയ്ത് പദ്ധതിയുടെ ഗുണം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്‍, കോസ്റ്റ് ഫോര്‍ഡ് പ്രോജക്ട് എഞ്ചിനീയര്‍ സ്‌കന്ദന്‍, വാര്‍ഡ് കൗണ്‌സിലര്‍മാര്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ലാന്റിംഗ് പ്ലേസ് താമസക്കാരുടെ ഭവനസമുച്ചയത്തിനായി ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്അഡ്വക്കേറ്റ് വി. ആര്‍. സുനില്‍ കുമാര്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്നാണ് ഇതിനായി തുക വകയിരുത്തിയിരിക്കുന്നത്. തൃശ്ശൂര്‍ കോസ്റ്റ് ഫോര്‍ഡ് ആണ് മൂന്ന് നിലകളിലായി കെട്ടിടം രൂപകല്‍പ്പന ചെയ്യുന്നത്. പത്ത് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനാണ് പദ്ധതി.