ഗുരുവായൂർ നഗര സഭയിലെ സി പി എം ,സി പി ഐ പോരിന് കാരണം എം എൽ എ യുടെ ഇടപെടൽ എന്ന് ആക്ഷേപം
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ചെയർമാൻ സ്ഥാനത്തെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തുറന്ന പോരിന് വഴിതെളിച്ചത് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയുടെ പാർട്ടി ധാരണകളെ മറികടന്നുള്ള ഇടപെടലാണെന്ന് വ്യക്തമായി. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ നവംബർ 30ന് ചെയർപേഴ്സൺ രാജിവെക്കാൻ ധാരണയായിരുന്നു. ഇക്കാര്യം ചെയർപേഴ്സണെ അറിയിക്കുകയും ചെയ്തു. ചില ഉദ്ഘാടനങ്ങൾക്കായി തനിക്ക് കുറച്ച് ദിവസം കൂടിവേണമെന്ന ചെയർപേഴ്സൻറെ അഭ്യർത്ഥനയെ തുടർന്നാണ് നവംബർ 18ൽ നിന്ന് 30ലേക്ക് കാലാവധി നീട്ടി നൽകിയത്.
എന്നാൽ നീട്ടികിട്ടിയ കാലാവധിയിലും രാജിവെക്കാതിരുന്ന ചെയർപേഴ്സൺ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയെ സമീപിച്ചുവത്രെ. ജനുവരി രണ്ട് വരെയാണ് എം.എൽ.എയോട് സമയം ചോദിച്ചത്. 2000 ജനുവരി രണ്ടിനാണ് നേരത്തെ കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങളെ തുടർന്ന് രാജിവെക്കേണ്ടി വന്നതെന്നും അതിൻറെ വാർഷിക ദിനം എന്ന നിലക്കാണ് ജനുവരി രണ്ട് തെരഞ്ഞെടുത്തതെന്നും വിശദീകരിച്ചുവത്രെ. എന്നാൽ ഇരുപാർട്ടികളുടെയും ധാരണകളെ മറികടന്നുള്ള എം.എൽ.എയുടെ ഇടപെടൽ സി.പി.ഐ അംഗീകരിച്ചില്ല. ആദ്യം കെ.കെ. സുധീരനെയും പിന്നീട് ജില്ല സെക്രട്ടറി കെ.കെ. വത്സരാജിനെയും എം.എൽ.എ വിളിച്ചെങ്കിലും അവരെല്ലാം മുൻ ധാരണയിൽ നിന്ന് മാറ്റം വരുത്തിയതിനെ അനുകൂലിച്ചില്ല.
എം.എൽ.എയുടെ ഇടപെടൽ തുടങ്ങിയതോടെ സി.പി.എമ്മിൻറെ മറ്റ് നേതാക്കൾ പിൻവാങ്ങി. അതിനാൽ വിഷയം വഷളാവുകയും സി.പി.ഐ കടുത്ത നിലപാടിലേക്ക് നീങ്ങുകയും ചെയ്തതോടെ വെട്ടിലായത് എം.എൽ.എയാണ്. ഇതിനിടെ കാലാവധി നീട്ടിലഭിക്കുന്നതിന് സമ്മതംതേടി ചെയർപേഴ്സൺ വത്സരാജിനെ തന്നെ വിളിച്ചെങ്കിലും സി.പി.എമ്മുമായാണ് ഞങ്ങൾക്ക് കരാറെന്നും ഇക്കാര്യങ്ങൾ അവരുമായി മാത്രമേ സംസാരിക്കൂ എന്ന നിലപാടാണ് വത്സരാജ് സ്വീകരിച്ചത്. സി.പി.ഐ ബഹിഷ്കരണം ആരംഭിച്ചതോടെ പ്രശ്നം വഷളായി. സി.പി.എം ജില്ല സെക്രട്ടറി തന്നെ സി.പി.ഐ ജില്ല സെക്രട്ടറിയെ വിളിച്ചെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണവർ. എം.എൽ.എ തന്നെ ഇടപെട്ടുണ്ടാക്കിയ പ്രശ്നം എം.എൽ.എതന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ് സി.പി.എമ്മിലെ പ്രധാനികൾ. പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച ചർച്ചകളൊന്നും നടന്നില്ല. എം.എൽ.എ എത്തിയ ശേഷം സംസാരിക്കാമെന്നാണ് സി.പി.എമ്മിലെ പ്രധാന വിഭാഗത്തിൻറെ നിലപാട്. രാജി അടുത്ത മാസം വരെ നീട്ടാനാവില്ലെന്നും അവർ നിലപാട് സ്വീകരിച്ചിട്ടുണ്ട്.