ശരത്ത് ലാലിന്റെയും ,കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് എ.കെ.ജി സെന്ററിലേക്ക്

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സി.പി.എം പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് വിലാപയാത്ര നടത്തും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. മാര്‍ച്ച് രണ്ടിന് കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങും യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസും സി.ആര്‍ മഹേഷും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. കൃപേഷിന്റെ കുടുംബത്തിന് വീട് വച്ച് നല്‍കാനും രണ്ട് പേരുടേയും കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കാനും കെ.പി.സി.സി തീരുമാനിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ പാര്‍ട്ടി കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. ഹര്‍ത്താല്‍ നടത്തിയതില്‍ യൂത്ത് കോണ്‍ഗ്രസിനൊപ്പമാണ്. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ നോട്ടീസ് നല്‍കി 41 ദിവസത്തിന് ശേഷം ഹര്‍ത്താല്‍ നടത്തിയാല്‍ മതിയെന്ന കോടതി നിലപാടിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു

ഇതിനിടെ ശരത്‌ലാലിനെയും, കൃപേഷിനേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്ഭവനിലെത്തി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഞായറാഴ്ച രാത്രിയോടെയാണ് ശരത്‌ലാലും, കൃപേഷും കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിട്ടുനല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.