പൊട്ടിയ കുടി വെള്ള പൈപ്പ് നന്നാക്കായില്ല , കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
ഗുരുവായൂർ : മമ്മിയൂരിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൊഴുകി ദിവസങ്ങളായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന അധികാരികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കുടിവെള്ളം നിറഞ്ഞ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭാ കൗൺസിലർ ആന്റോ തോമസ്, നിഖിൽ ജി കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ് സൂരജ്, പി.ആർ.പ്രകാശൻ, കണ്ണൻ പി.എം എന്നിവരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
ജല അതോറിറ്റി അധികൃതർ കുടിവെള്ള പൈപ്പ് അടക്കുകയും, യുദ്ധകാലാടിസ്ഥാനത്തിൽ തകരാറ് പരിഹരിക്കാമെന്ന് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ബാലൻ വാറനാട്ടിന് ഉറപ്പു നൽകിയതിനെ തുടർന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.
നഗരസഭാ കൗൺസിലർമാരായ സി.അനിൽ കുമാർ, ഷൈലജ ദേവൻ, സുഷ ബാബു, നേതാക്കളായ അരവിന്ദൻ പല്ലത്ത്, രാമൻ പല്ലത്ത്, ശശി പട്ടത്താക്കിൽ, മഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുടുത്തു.