ഏകദിനത്തില്‍ വേഗതയേറിയ പതിനായിരം റണ്‍സ് തികച്ച്‌ വിരാട് കോഹ്‍ലി

">

വിശാഖപട്ടണം: ഏകദിനത്തില്‍ വേഗതയേറിയ പതിനായിരം റണ്‍സ് തികച്ച്‌ വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് ഇതോടെ   ഇന്ത്യൻ നായകൻ വിരാട് കോലി മറികടന്നു . ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് നേടുന്ന താരമായിരിക്കുകയാണ് കോലി. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലായിരുന്നു കോലിയുടെ റെക്കോഡ് നേട്ടം.

സച്ചിൻ പതിനായിരം റൺസ് നേടാൻ 259 ഇന്നിങ്സ് കളിച്ചപ്പോൾ കോലി കേവലം 205 ഇന്നിങ്സിൽ ഈ നാഴികക്കല്ല് പിന്നിട്ടു. 54 ഇന്നിങ്സിന്റെ വ്യത്യാസം. 2001 മാർച്ച് 31നായിരുന്നു സച്ചിന്റെ പതിനായിരം റൺസ് നേട്ടം. നേരത്തെ വിൻഡീസിനെതിരേ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡിലും സച്ചിനെയാണ് കോലി പിന്നിലാക്കിയത്.

രണ്ടാം ഏകദിനത്തിൽ വിൻഡീസിന്റെ നേഴ്സ് എറിഞ്ഞ മുപ്പത്തിയേഴാം ഓവറിന്റെ മൂന്നാം പന്തിൽ ലോങ് ഒാണിലേയ്ക്ക് പായിച്ച് ഒരു റണ്ണെടുത്താണ് കോലി ചരിത്രത്തിൽ ഇടം നേടിയത്. കൈകൾ ആകാശത്തേയ്ക്ക് ഉയർത്തി വിവാഹ മോതിരത്തിൽ ചുംബിച്ചായിരുന്നു കോലിയുടെ ആഘോഷം. വേഗത്തിൽ പതിനായിരം റൺസ് നേടിയവരിൽ മൂന്നാം സ്ഥാനത്തുള്ളത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണ്. 263 ഇന്നിങ്സിൽ നിന്നാണ് ഗാംഗുലിയുടെ നേട്ടം. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് 266 ഇന്നിങ്സിൽ നിന്നും ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് 272 ഇന്നിങ്സിൽ നിന്നും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോനി 273 ഇന്നിങ്സിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. .

Leave a Reply

Your email address will not be published. Required fields are marked *

Sponsors