വാടാനപ്പള്ളി ബസ്‌ബേ നിർമാണം : പഞ്ചായത്തിനനുകൂലമായി കോടതി ഉത്തരവ്
ചാവക്കാട് : വാടാനപ്പള്ളി സെന്ററിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്
നിർമ്മാണം ആരംഭിച്ച ബസ്‌ബേക്കെതിരായി പുറപ്പെടുവിച്ചിരുന്ന ഉത്തരവ് കോടതി
മറ്റൊരു ഉത്തരവിലൂടെ റദാക്കി. ചാവക്കാട് മുനിസിഫ് കെ ക്യഷ്ണകുമാറാണ്
പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ബസ് ബേ നിർമാണത്തിനായുള്ള തടസം
നീങ്ങിയതായി പഞ്ചായത്ത് അധിക്യതർ അറിയിച്ചു . വാടാനപ്പള്ളി സെന്ററിൽ ബസ്
ബേ നിർമ്മാണം ആരംഭിച്ചതിനെ തുടർന്ന് റോഡിനു പടിഞ്ഞാറ് ഭാഗത്തെ
സ്ഥലത്തിന്റെ ഉടമ പുതിയവീട്ടിൽ സുഹറ വാടാനപ്പള്ളി പഞ്ചായത്ത്
സെക്രട്ടറിക്കും പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരിക്കും എതിരായി കേസ്
കൊടുത്ത് നിർമ്മാണത്തിനെതിരായി സമ്പാദിച്ച ഉത്തരവാണ് ഇപ്പോൾ റദാക്കിയത് .
നേരത്തെ വന്ന ഉത്തരവിനെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ പഞ്ചായത്തിന്
നിറുത്തിവെക്കേണ്ടി വന്നിരുന്നു. പരാതിക്കാരിയുടെ സ്ഥലത്തിന്റെ
എല്ലാഭാഗത്തുനിന്നും നാഷണൽ ഹൈവേയിലേക്ക് പ്രവേശിക്കുന്നതിന്
അവകാശമുണ്ടെന്നും അതിനെ തടസപ്പെടുത്തുന്നവിധത്തിൽ പഞ്ചായത്ത് നിർമാണ
പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും ബസ്‌ബേയുടെ നിർമാണം
നിയമാനുസ്യതമല്ലെന്നും പരാതിക്കാരി വാദിച്ചു. ഇരുഭാഗത്തെയും വാദങ്ങൾ
കേട്ട കോടതി പരാതിക്കാരിയുടെ വാദങ്ങൾ ശരിയല്ലെന്ന് നിരീക്ഷിച്ച്
നിർമാണത്തിനെതിരായി നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് നീക്കം ചെയ്ത്
ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു . വാടാനപ്പള്ളി പഞ്ചായത്തിനു വേണ്ടി
അഡ്വക്കറ്റ്മാരായ വി എസ് ശിവശങ്കരൻ , കെ യു ക്യഷ്ണപ്രഭ എന്നിവർ കോടതിയിൽ
ഹാജരായി .