വാണിയമ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടു
തൃശ്ശൂര്‍: ദേശീയപാതയില്‍ വാണിയമ്പാറയില്‍ നിയന്ത്രണം വിട്ട കാര്‍ കുളത്തില്‍ വീണ് ഭാര്യയും ഭര്‍ത്താവും കൊല്ലപ്പെട്ടു . തൃപ്പൂണിത്തുറ ഏലൂര്‍ സ്വദേശികളായ ഷീല (50), ഭര്‍ത്താവ് ബെന്നി ജോര്‍ജ് (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു അപകടം. ദേശീയ പാതയോട് ചേര്‍ന്ന കുളത്തിലേക്കാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വീണത്. വാഹനമോടിച്ചിരുന്ന ഇവരുടെ സുഹൃത്ത് ശശി കര്‍ത്ത അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ദക്ഷിണ മേഖലാ റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
പുലര്‍ച്ചെ നാലരയോടെയാണ് കാര്‍ കുളത്തില്‍ നിന്ന് പുറത്തെടുത്തത്. ഷീലയുടെ മൃതദേഹം കാറിലുണ്ടായിരുന്നു. രാവിലെ ആറരയോടെയാണ് ബെന്നി ജോര്‍ജിന്റെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്. പാലക്കാടു നിന്നുള്ള സ്‌കൂബ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്ന് അറിയുന്നു.
ദേശീയപാതയിലെ നിര്‍മാണത്തിലെ അപാകതയാണ് വാണിയമ്പാറയിലെ അപകടത്തിന് പ്രധാന കാരണമെന്നാണ് ആരോപണം. റോഡരികില്‍ 10 അടി താഴ്ചയിലാണ് കുളം. ഇവിടെ കുളമുണ്ടെന്ന സൂചനാ ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ദേശീയ പാതയ്ക്കരികില്‍ ഇങ്ങനെയൊരു കുളമുള്ളതായി മനസിലാകില്ല. അതറിയാതെ വാഹനങ്ങള്‍ റോഡരികിലേക്ക് നീക്കുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.ഇവിടെ രാത്രികാലങ്ങളില്‍ ഇതിനുമുമ്പും അപകടമുണ്ടായിട്ടുണ്ട്.