മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു, 169 എം.എല്‍.എമാരുടെ പിന്തുണ .

">

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസം തെളിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍  169 എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചു. എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു.

എന്നാല്‍ വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സംസാരിക്കവേ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസ് ആരോപിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍ ‘വന്ദേ മാതരം’ ആലപിച്ചില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ഫഡ്നാവിസിന്റെ ആരോപണം സഭയില്‍ ബഹളത്തിന് വഴിവെച്ചു.

അതേസമയം പ്രത്യേകസമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സമ്മേളനം നിയമപ്രകാരമാണ് നടക്കുന്നതെന്നും പ്രോടേം സ്പീക്കര്‍ ദിലീപ് പാട്ടീല്‍ ഫഡ്‌നാവിസിന് മറുപടി നല്‍കി. സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന പതിവ് മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഫഡ്നാവിസ് സഭയില്‍ ആരോപിച്ചിരുന്നു. ബഹളത്തിന് പിന്നാലെ ബി.ജെ.പി. അംഗങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors