വാളയാര്‍ സഹോദരിമാരുടെ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു: ചെന്നിത്തല
തിരുവനന്തപുരം: പീഡനത്തിനു ഇരയായി മരിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മുകാര്‍ പ്രതികളായ കൊലക്കേസ് അന്വേഷണം സിബിഐയ്ക്ക് പോകാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയുടെ നൂറിലൊരംശം
വാളയാറില്‍ സഹോദരിമാരുടെ മരണം അന്വേഷിക്കുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ പ്രതികളെ വെറുതെ വിടാനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
13 വയസുകാരി ചേച്ചിയും ഒന്‍പത് വയസുകാരി അനിയത്തിയും എട്ടടി ഉയരത്തിലെ മേല്‍ക്കൂരയില്‍ തൂങ്ങിമരിച്ചെന്ന പോലീസ് ഭാഷ്യം സാമാന്യബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ആക്കിയ സര്‍ക്കാര്‍ കേസിന്റെ എല്ലാതലങ്ങളിലും വീഴ്ച വരുത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് അന്വേഷണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നത്.
പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ നേരിട്ട് എത്തി മൊഴി നല്‍കിയ കേസ് ആണ് അട്ടിമറി നടത്തിയിരിക്കുന്നത്. തെളിവ് ശേഖരിക്കുന്നതിലും പഴുതകളടച്ച അന്വേഷണം നടത്തുന്നതിലും പോലീസിനെ പിന്നോട്ട് വലിച്ചതെന്താണെന്ന് അദേഹം ചോദിച്ചു.