മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

">

അടൂർ: മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ശില്പയുമാണ് മരിച്ചത്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകിട്ട് മൂന്നര മണിയോടെ അടൂർ റവന്യൂ ടവറിന് സമീപത്താണ് അപകടം ഉണ്ടായത്.

അമിതവേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിച്ചു. ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.

ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു.

സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors