Header

വടക്കേക്കാട് പൊലീസിന് മൊബൈൽ ഫോണിനോട് ആസക്തിയോ ?

ചാവക്കാട്: വാഹന പരിശോധനക്കിറങ്ങുന്ന വടക്കേക്കാട് പൊലീസിന് മൊബൈൽ ഫോണിനോട് ആസക്തി എന്നാക്ഷേപം .ഏഴ് മാസം മുൻപ് കാര്‍ യാത്രക്കാരനില്‍ നിന്നു ‘തട്ടിയെടുത്ത ‘പതിനായിരം രൂപയിലധികം വിലയുള്ള മൊബൈല്‍ ഫോണ്‍ ഇത് വരെ തിരിച്ചു നൽകിയിട്ടില്ലെന്നാണ് പരാതി . ചാവക്കാട് തിരുവത്ര സ്വദേശിയുടെ മൊബൈൽ ഫോണും ,ലൈസൻസും വടക്കേക്കാട് പൊലീസ് പിടിച്ചുവാങ്ങിയത് കഴിഞ്ഞ വർഷം ജൂണിലാണ് . യുവാവ് ഓടിച്ച കാറ് ഗട്ടറിൽ ചാടി നിന്നത് ശ്രദ്ധയിൽ പെട്ട് അടുത്തെത്തിയ പൊലീസ് യുവാവ് മദ്യപിച്ചാണ് വാഹമോടിക്കുന്നതെന്ന കുറ്റം ചാർത്തി പിടികൂടിയത് .

ഓട്ടോ തൊഴിലാളിയായ യുവാവിന് കഴിഞ്ഞ ഏഴ് മാസമായിട്ടും ഫോണും ലൈസന്‍സും ഇതുവരെ തിരിച്ചു നൽകിയില്ല . ലൈസൻസില്ലാത്താത്തിനാൽ ജോലിക്കും പോകാൻ കഴിയാത്ത ദുരിത ത്തിലായ യുവാവ് ഒടുവിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ലൈസൻസും മൊബൈൽ ഫോണും ആവശ്യപ്പെട്ട് പലവട്ടം സ്റ്റേഷനില്‍ എത്തിയിട്ടും നല്‍കാന്‍ തയ്യാറായില്ലത്രെ. ഇതിനിടെ എസ്‌.ഐ ചാവക്കാട്ടേക്കും പിന്നീട് ഹൈവേ പൊലീസിലേക്കും സ്ഥലം മാറി പോയി. സ്‌റ്റേഷന്‍ റൈറ്ററുടെ പക്കല്‍ ഉണ്ടെന്ന് പഴയ എസ്‌.ഐ പറയുന്നതത്രെ.

Astrologer

അതേസമയം സ്റ്റേഷനിലെത്തുമ്പോൾ പിന്നെ വരൂ എന്ന പതിവ് മറുപടിയാണ്. മൊബൈൽ ഫോണും ലൈസൻസും സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചെന്ന് പഴയ എസ്‌.ഐ പറയുമ്പോള്‍ അക്കാര്യം അറിയില്ലെന്നാണ് പൊലീസുകാര്‍ പറയുന്നത്. പലവട്ടം സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് മട്ടുംഭാവവും മാറി, ഫോണിലുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഗുണ്ടാ സംഘങ്ങളെ പോലെ ഭീഷണിപ്പെടുത്താനും തുടങ്ങിയത്രെ . വര്‍ഷങ്ങളായി ഉപയോഗിക്കുന്ന സിം ആയതിനാല്‍ നമ്പര്‍ മാറിയത് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് പറയുന്നു. ഓട്ടോ ഡ്രൈവറായ യുവാവിനു ലൈസന്‍സ് നഷ്ടപ്പെട്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് നല്‍കാത്തതിനാല്‍ പുതിയ ലൈസന്‍സ് എടുക്കാനും കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ ഓട്ടോ ഓടിക്കാനും കഴിയാത്ത അവസ്ഥയാണ്. വടക്കേകാട് സ്റ്റേഷനില്‍ വാഹന പരിശോധനക്കിടെ യാത്രക്കാരില്‍ നിന്നു മൊബൈല്‍ ഫോണ്‍, ലൈസന്‍സ്, കയ്യിലുള്ള മറ്റ് വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവ പിടിച്ചുവാങ്ങുന്നത് ആക്ഷേപം പതിവാണ്. ഇതേ ചൊല്ലി ഒരു മാസം മുന്‍പ് പഞ്ചായത്ത് പ്രസിഡന്റും എസ്‌.ഐയും തമ്മില്‍ സ്റ്റേഷനില്‍ വാക്കുതര്‍ക്കം നടന്നിരുന്നു.

പിഴ അടച്ചാലും പിന്നീട് ഫോണ്‍ തിരിച്ചുകിട്ടാന്‍ പലവട്ടം സ്റ്റേഷന്‍ കയറി ഇറങ്ങേണ്ട ഗതികേടാണ്. ഇക്കാര്യം ജനമൈത്രി പൊലീസ് യോഗത്തിലും ചര്‍ച്ചയായിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുന്നു. വാഹന ഉടമകള്‍ ബന്ധപ്പെട്ട രേഖകളുമായി സ്റ്റേഷനില്‍ എത്താന്‍ വേണ്ടിയാണ് മൊബൈല്‍ ഫോണ്‍ വാങ്ങുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പിടികൂടുന്ന വാഹനവും ലൈസൻസും കൂടാതെ മൊബൈൽ ഫോൺ എന്തിന് പിടികൂടുന്നുവെന്നതിന് വിശദീകരണമില്ല. ജില്ലയിലെ മറ്റുള്ള പോലീസ് സ്റ്റേഷനുകൾ കാലത്തിനനുസരിച്ചു മാറിയെങ്കിലും വടക്കേകാട് സ്റ്റേഷന് മാത്രം മാറ്റമില്ലാതെ തുടരുകയാണ് എന്നാണ് പൗരാവകാശ പ്രവർത്തകരുടെ ആക്ഷേപം