
ഗുരുവായൂരിൽ ഉത്രാട കാഴ്‌ചക്കുല സമർപ്പണം

ഗുരുവായൂർ :ക്ഷേത്രത്തിലെ ആചാരവിശേഷമായ കാഴ്ചക്കുല സമർപ്പണം (ആഗസ്റ്റ് 25, ചൊവ്വാഴ്ച ഭക്തിനിർഭരമായ ചടങ്ങിൽ നടക്കും.രാവിലെ ഉത്രാട ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടി മരച്ചുവട്ടിൽ അരിമാവ് അണിഞ്ഞ , വിഘ്‌നേശ്വരന് നാളികേരം വെച്ച സ്ഥലത്ത് ക്ഷേത്രം മേൽശാന്തി നാരായൺ നമ്പൂതിരി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ക്ഷേത്രം ഊരാളൻ , ദേവസ്വം ചെയര്മാന് തന്ത്രി മറ്റു ഭരണസമിതി അംഗങ്ങളും കൊടിമര ചുവട്ടിൽ കാഴ്ച്‌ചക്കുല സമർപ്പിക്കും. നിമിഷങ്ങൾക്കകം സ്വർണ വർണ്ണ കുലകളുടെ കൂമ്പാരമാകും കൊടിമരചുവട് . .ദേവസ്വം മന്ത്രി കെ.മുരളീധരനും ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന് കാഴ്‌ചക്കുല സമർപ്പിക്കാനെത്തുന്നവർക്ക് മുതിർന്ന പൗരന്‌മാർക്കുള്ള ദർശന വരിയുടെ ഭാഗത്ത് സൗകര്യമൊരുക്കും കാഴ്‌ചക്കുല സമർപ്പണചടങ്ങിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ദർശനത്തിനുള്ള സീനിയർസിറ്റീസൺ, പ്രാദേശികം വരികൾ രാവിലെ 5.30 ന് അവസാനിപ്പിക്കും.

തിരുവോണ നാളിൽ (ആഗസ്റ്റ് 26, ബുധനാഴ്‌ച ) പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിശേഷാൽ കാഴ്‌ച ശീവേലിയും മേളവും ഉണ്ടാകും. അന്ന് പുലർച്ചെ നാലരയ്ക്കാണ് ശ്രീഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യം ഓണപ്പുടവ സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ഭരണസമിതി അംഗങ്ങളും ഭക്തരും ഓണപ്പുടവ സമർപ്പിക്കും. ഉഷ:പൂജ വരെ ഭഗവാന് ഓണപ്പുടവ സമർപ്പിക്കാം.

തിരുവോണത്തിന് പതിനായിരം പേർക്കുള്ള വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9ന് തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. 2 മണി മുതൽ ബുഫേ തുടങ്ങും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴം പ്രഥമൻ, മോര്, കായവറവ് ,പപ്പടം, അച്ചാർ, ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാകും. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട്. അന്ന ലക്ഷ്‌മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.

തിരുവോണ ദിവസം രാവിലെ കാഴ്‌ചശിവേലിക്ക് ഗജവീരൻ ബൽറാം, ബാലകൃഷ്ണൻ, ജൂനിയർ വിഷ്‌ണു ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെൻ, വിനായകൻ, ചെന്താമരാക്ഷൻ രാത്രി ശീവേലിക്ക് രാജശേഖരൻ, ഗോപാലകൃഷ്‌ണൻ, ശങ്കരനാരായണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ ശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരും സംഘവും ഉച്ചകഴിഞ്ഞുള്ള ശിവേലിക്ക് ഗുരുവായൂർ ശശിമാരാരും സംഘവും മേളം ഒരുക്കും…… 2026 വർഷത്തെ തിരുവോണാഘോഷത്തിനായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിന് ദേവസ്വം ഭരണസമിതി അംഗീകാരം നൽകി.
ഓണനാളുകളിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് എത്തുന്ന ഭക്തർക്കെല്ലാം ദർശനം ഒരുക്കും. പൊതുവരി നിൽക്കുന്ന ഭക്തർക്കാണ് ദർശനത്തിന് മുൻഗണന. ഭക്തരുടെ സൗകര്യാർത്ഥം പൊതു അവധി ദിനങ്ങളായ ഉത്രാടം തുടങ്ങി ചതയം ദിനം വരെ (ആഗസ്റ്റ് 25 മുതൽ ആഗസ്റ്റ് 28 വരെ) രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ സ്പെഷ്യൽ/വി ഐ പി ദർശന നിയന്ത്രണമുണ്ടാകും..
