തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണം: ജില്ലാ വികസന സമിതി
തൃശൂർ: തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. ജില്ലാ വാർഷിക വികസന പദ്ധതികളുടെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
ജില്ലയിൽ 30 പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പദ്ധതികൾ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. 10 ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളതെന്നും ഇവിടെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാതൃക കണ്ടെത്തണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടർ എസ് ഷാനവാസ് നിർദ്ദേശിച്ചു.
ജലസംരക്ഷണ പദ്ധതികൾക്ക് ഊന്നൽ നൽകി പദ്ധതി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തണം. ജലരക്ഷ- ജീവരക്ഷ പദ്ധതിയ്ക്ക് പ്രാധാന്യം നൽകി കുളങ്ങൾ, തോടുകൾ, മറ്റ് ജല സ്രോതസുകൾ എന്നിവയെ പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങളും വിപുലപ്പെടുത്തണം. ഇവയ്ക്ക്പഞ്ചായത്തു തലത്തിൽ വിദഗ്ധ പരിശോധന നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കാനും തീരുമാനിച്ചു.
പൊതു വിദ്യാദ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 5 കോടി രൂപ ചെലവഴിച്ചുള്ള 3 വിദ്യാലയങ്ങൾ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. മാർച്ചിൽ 4, ഏപ്രിലിൽ 3 എന്നിങ്ങനെ വിദ്യാലയങ്ങളും നിർമാണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ യജ്ഞം പ്രതിനിധി യോഗത്തെ അറിയിച്ചു.
3 കോടി രൂപ ചെലവഴിച്ചുള്ള 9 വിദ്യാലയങ്ങൾ ഫെബ്രു.6 ന് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരിയിൽ ഒരു വിദ്യാലയത്തിൻ്റെ നിർമാണം കൂടി പൂർത്തീകരിക്കും. കിഫ്ബി ഫണ്ടുപയോഗിച്ചുള്ള 3 വിദ്യാലയങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. 2 വിദ്യാലയങ്ങൾ മാർച്ചിലും ഒരെണ്ണം മേയിലും പൂർത്തിയാക്കുമെന്നും പ്രതിനിധി വ്യക്തമാക്കി.
ഫെബ്രു. 14 ന് ജില്ലയിൽ നടക്കുന്ന പട്ടയ വിതരണത്തിൽ 3000 പട്ടയങ്ങൾ വിതരണം ചെയ്യാൻ തയ്യാറായിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. 300 മലയോര പട്ടങ്ങളും മേളയിലൂടെ വിതരണം ചെയ്യും. മേച്ചിൽപ്പുറ പട്ടയങ്ങൾ, വനഭൂമിക്കു പുറത്തുള്ള പട്ടയങ്ങൾ എന്നിവയും ഇതിലൂടെ നൽകും.
തൃശൂരിൽ ദേവസ്വം ബോർഡിൻ്റെ 50 കോടി രൂപ വില വരുന്ന സ്ഥലം അന്യാധീനപ്പെട്ടത് രണ്ടാഴ്ചയ്ക്കകം അളന്നു തിട്ടപ്പെടുത്താൻ സർവേയർമാരെ വിട്ടുനൽകുമെന്നും 10 കോടി രൂപ ചെലവിൽ തൃശൂരിൽ റവന്യൂ ടവർ നിർമിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളുടെ 2020 ഡിസംബർ വരെയുള്ള പദ്ധതി ചെലവ് 66.43 ശതമാനം മാത്രമാണെന്നും 60 ശതമാനത്തിൽ താഴെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയ 10 സ്ഥാപനങ്ങളുടെ പ്രവർത്തനം ഊർജിതമാക്കണമെന്നും യോഗത്തിൽ തീരുമാനമുണ്ടായി.
മുല്ലശ്ശേരി- പാവറട്ടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി 5 കിലോ മീറ്റർ പൈപ്പിടുന്ന നടപടി ആരംഭിച്ചിട്ടുള്ളതായി പ്രതിനിധി യോഗത്തെ അറിയിച്ചു.
ജില്ലയിൽ സ്വീപ് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച് ശ്രമങ്ങൾ നടത്തും. 95,000 പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന പ്രവർത്തനത്തിൽ ഇനിയും 81,000 പേരെ ചേർക്കേണ്ടതുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
എം എൽ എ മാരായ ബി ഡി ദേവസി, യു ആർ പ്രദീപ്, ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവരും പങ്കെടുത്തു.