അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് മർദ്ദനം , ആറുകുട്ടികൾ ഇറങ്ങിയോടി
ചാലക്കുടി : ചാലക്കുടിയിലെ അനാഥാലയത്തില്‍ ആദിവാസിക്കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു. പൂലാനിയിലുള്ള മരിയ പാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച് അവശരാക്കിയതിനെ തുടര്‍ന്ന് മൂന്ന് വയസിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള ആറ് കുട്ടികള്‍ ഇറങ്ങിയോടിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്.
അനാഥാലയത്തിന്റെ ഗേറ്റ് തുറന്ന് ഇറങ്ങിയോടിയ കുട്ടികളെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് രക്ഷിച്ചത്. ഇദ്ദേഹം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അനാഥാലയം അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ കുട്ടികളെ കാണാതായ വിവരം അവര്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
അംഗീകാരമില്ലാതെയാണ് ഈ അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു