Madhavam header

തൃശൂര്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവെല്‍ , പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം

തൃശൂര്‍ : തൃശൂർ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് ഉത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരഹൃദയത്തിൽ പത്ത് ലൈറ്റിംഗ് പന്തലുകൾ ഉയർന്നു കഴിഞ്ഞു. മണികണ്ഠനാലിന് സമീപവും സി എം എസ് സ്‌കൂൾ, സപ്ന തിയേറ്റർ, ജില്ലാ ആശുപത്രി സിറ്റി സെന്റർ, ബാനർജി ക്ലബ്, കല്യാൺ ജ്വല്ലേഴ്സ്, മിഥില റസ്റ്റൊറന്റ് എന്നിവയുടെ പരിസരങ്ങളിലുമാണ് പന്തലുകൾ ഉയർന്നത്. ജില്ലയിൽ ആദ്യമായി നടക്കുന്ന ഷോപ്പിംഗ് ഉത്സവം ഭിന്നശേഷി സൗഹൃദമാക്കാനാണ് സംഘാടകരുടെ തീരുമാനം.

ചേംബർ ഓഫ് കോമേഴ്‌സിന്റെ സഹകരണത്തോടൊയാണ് രാത്രികാല ഷോപ്പിംഗ് ഉത്സവം സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച വാർത്താസമ്മേളനം ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ നടന്നു. വീൽ ചെയറിൽ എത്തുന്നവർക്ക് യാത്ര ചെയ്യാനായി പ്രത്യേക വാഹന സൗകര്യമൊരുക്കും. കേരളത്തിൽ ആദ്യമായി നടക്കുന്ന പരിപാടിയിൽ ഇതര ജില്ലകളിൽ നിന്നുൾപ്പെടെ 2 കോടിയിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്.
മനോഹരമായ വൈദ്യുതാലങ്കാരത്തോടെ നഗരവീഥികളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി വരെ ഒരു മാസക്കാലം തുറന്നിരിക്കും. ഡിസംബർ 15 മുതൽ ജനുവരി 15 വരെ എല്ലാ ദിവസങ്ങളിലും വ്യത്യസ്ത കലാപരിപാടികൾ ആസ്വദിക്കാൻ അവസരമുണ്ടാകും.

Astrologer

zumba adv

നഗര വീഥികളിൽ ചലിക്കുന്ന വേദികളിൽ പുതുമയുള്ള കലാ പരിപാടികൾ അവതരിപ്പിക്കും. മാരത്തോൺ, വിന്റേജ് കാർ റാലി, റോളർ സ്‌കേറ്റിംങ്, എൻഫീൾഡ് ഹാർലി റാലി, പെറ്റ് ഷോ, ഫ്ലാഷ് മോബ്, മാർഗം കളി, ചിത്ര രചനാ മത്സരം, നാടൻ പാട്ട്, ഫാഷൻ ഷോ, കേരള പാരമ്പര്യ കലകൾ, സുംബ, സ്ട്രീറ്റ് പെയിന്റിംഗ്, യാത്ര പ്രദർശനം, പാലസ് ഗ്രൗണ്ടിൽ പെനാൽറ്റി ഷൂട്ട് ഔട്ട്, പുഴക്കലിൽ മഡ് റേസ്, വഞ്ചിക്കുളത്ത് ലേസർ സൗണ്ട് ഷോ, എന്നിവ കൂടുതൽ സന്ദർശകരെ ആകർഷിക്കും. വഞ്ചിക്കുളത്ത് സ്ത്രീകൾക്ക് മാത്രമായി ഡി ജെ ഫ്‌ളോറും, കുടുംബ ശ്രീ ഭക്ഷ്യ മേളയും ഒരുക്കും. വയോധികർക്ക് ഗാനാലാപന മത്സരവും, ഷോപ്പിംഗ് നടത്തുന്നവർക്ക് കൂപ്പണുകളിലൂടെ 5 കാർ, 5 ബൈക്ക്, ടി വി, ഫ്രിഡ്ജ, എന്നിവ സമ്മാനമായി നൽകും. ശബരി മല തീർത്ഥാടകരെ സ്വീകരിക്കാനും, അവർക്ക് വിശ്രമ സ്ഥലം, ചായ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. ശക്തൻനഗറിലും, കിഴക്കേ കോട്ടയിലും കുടി വെള്ളം, ഇ ടോയ്ലറ്റ് എന്നിവ സജ്ജമാക്കും.

ഈ കാലയളവിൽ തൃശ്ശൂരിൽ നടക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വേലകൾ, വടക്കുംനാഥനിൽ നടക്കുന്ന മെഗാ തിരുവാതിര കളി, ബോൺ നതാലെ എന്നിവയും നാട്ടുകാരെ ആകർഷിക്കും. ന്യൂ ഇയറിന്റെ ഭാഗാമായി സ്റ്റീഫൻ ദേവസ്സിയുടെ സംഗീത പരിപാടികളുണ്ടാവും. തൃശൂർ കോർപറേഷൻ മേയർ അജിതാ വിജയൻ, ഡെപ്യൂട്ടി മേയർ റാഫി പി ജോസ്, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ടി ആർ വിജയകുമാർ, ഫെസ്റ്റിവൽ കമ്മിറ്റി ജനറൽ കൺവീനർ ടി എസ് പട്ടാഭിരാമൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി ജെ പയസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer