Madhavam header
Above Pot

ജില്ലാ സ്കൂള്‍ കലോത്സവത്തിന് 19 ന് തിരി തെളിയും .

ഗുരുവായൂര്‍: കലകളുടെ ചിലങ്ക നാദമുയര്‍ത്തി റവന്യു ജില്ലാ കലോത്സവത്തിന് ചൊവ്വാഴ്ച അരങ്ങുണരുന്നു. നവംബർ 19 ചൊവ്വാഴ്ച രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്ത‍ സമ്മേളനത്തില്‍ അറിയിച്ചു . ഗുരുവായൂർ നഗരസഭാധ്യക്ഷ രേവതി ടീച്ചർ അധ്യക്ഷത വഹിക്കും.

സ്‌റ്റേജിതര ഇനങ്ങളും സ്‌റ്റേജിനങ്ങളുമായി ആദ്യ ദിനം 28 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.19 മുതല്‍ 22 വരെയാണ് കലോത്സവം.
ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്കൂൾ ഗുരുവായൂർ, ഗവ. ഹയർ സെക്കന്ററി സ്കൂൾ ചാവക്കാട്, എൽ എഫ് ഹയർ സെക്കന്ററി സ്കൂൾ മമ്മിയൂർ, ഗവ. യു പി സ്കൂൾ, ഗുരുവായൂർ, ശിക്ഷക് സദൻ എന്നിവിടങ്ങളിലായി 14 വേദികളിലാണ് മത്സരങ്ങൾ നടക്കുക. തൃശൂർ റവന്യൂ ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളെ പ്രതിനിധാനം ചെയ്ത് നാനൂറോളം സ്കൂളുകളിൽ നിന്നായി ഉപജില്ലാ ജേതാക്കളായ ഏഴായിരത്തോളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക.അപ്പീലുകള്‍ ഇപ്പോള്‍ത്തന്നെ 36 എണ്ണമായി.

Astrologer

യുപി വിഭാഗത്തിൽ 38 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 95 ഇനങ്ങളും ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഇനങ്ങളുമാണ് ജനറൽ വിഭാഗത്തിലുള്ളത്. സംസ്കൃതോത്സവത്തിൽ യുപി വിഭാഗത്തിൽ 19 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളും ഉണ്ട്. അറബിക് കലോത്സവത്തിൽ യുപി വിഭാഗത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളും ഉണ്ട്.19 ന് രാവിലെ ഒമ്പതുമുതല്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ സ്റ്റേജിതര ഇനങ്ങള്‍ കൂടാതെ ഭരതനാട്യം,നാടകം,മാഹിനിയാട്ടം,ഇംഗ്ലീഷ് പദ്യം ചൊല്ലല്‍,ഇംഗ്ലീഷ് പ്രസംഗം എന്നിവയുണ്ടാകും.സംഘനൃത്തം,വൃന്ദവാദ്യം എന്നിവ മമ്മിയൂര്‍ എല്‍.എഫ്.ഗേള്‍സ് സ്‌കൂളില്‍ നടക്കും.

കഥകളി, കഥകളി സംഗീതം, ബാന്‍ഡ് മേളം എന്നിവ ചാവക്കാട് ഗവ.ഹൈസ്‌കൂളിലും നങ്ങ്യാര്‍കൂത്ത്,ചാക്യാര്‍കൂത്ത് എന്നിവ ഗുരുവായൂര്‍ ജി.യു.പി.സ്‌കൂളിലുമാണ്.ക്ലാരനറ്റ്,വയലിന്‍ മുതുവട്ടൂര്‍ ശിക്ഷക് സദനിലും നടക്കും.സംസ്‌കൃതോത്സവം മമ്മിയൂര്‍ എല്‍.എഫ്.യു.പി.യിലും അറബി കലോത്സവം ചാവക്കാട് ഗവ.ഹൈസ്‌കൂളിലുമാണ്. മേളയ്ക്ക് എത്തുന്ന മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും മൂന്ന് നേരവും ഭക്ഷണം നൽകും. ഉച്ചതിരിഞ്ഞ് ചായയും ചെറു പലഹാരങ്ങളും നൽകും. നാലായിരത്തോളം പേർ ഒരോ ദിവസവും ഭക്ഷണം കഴിക്കും. നവംബർ 18 തിങ്കളാഴ്ച അത്താഴത്തോടു കൂടി ഭക്ഷണ വിതരണം ആരംഭിക്കും. മമ്മിയൂർ ക്ഷേത്രത്തിന്റെ കൈലാസം ഹാളാണ് ഭക്ഷണശാലയായി പ്രവർത്തിക്കുക. വിവിധ വേദികളിൽ നിന്ന് ഭക്ഷണശാലയിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും. ഒട്ടേറെ കലോത്സവങ്ങൾക്ക് ഭക്ഷണം ഒരുക്കിയിട്ടുള്ള ശ്രീ അയ്യപ്പദാസ് ആണ് ഭക്ഷണ ചുമതലക്കാരൻ.

നവംബർ 22 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും . ചീഫ് വിപ്പ് അഡ്വ. കെ. രാജൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. നൂറ്റി ഒന്ന് ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കപ്പാണ് ഓവറോൾ ജേതാക്കളായ ഉപജില്ലയ്ക്ക് നൽകുക. ഗുരുവായൂർ എം.എൽ.എ ശ്രീ. കെ വി അബ്ദുൾ ഖാദർ അധ്യക്ഷനായിരിക്കും.ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികളാണ് കലോത്സവത്തിന്റെ മുഖ്യ ചുമതലക്കാർ. വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ 16 കമ്മറ്റികളാണ് കലോത്സവത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കിയാണ് മേള നടത്തുക.

സംഘാടക സമതി വർക്കിംഗ് ചെയർമാന്മാരായ ഗുരുവായൂർ നഗരസഭാധ്യക്ഷ രേവതി ടീച്ചർ, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ. കെ. അക്ബർ, പബ്ലിസിറ്റി കമ്മറ്റി ചെയർമാനും ഗുരുവായൂർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ ഷൈലജ ദേവൻ, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടറും കലോത്സവ ജനറൽ കൺവീനറുമായ ഗീത എൻ, ഹയർ സെക്കന്ററി തൃശൂർ ജില്ലാ കോ – ഓഡിനേറ്റർ കരീം വി. എം., പബ്ലിസിറ്റി കമ്മറ്റി കൺവീനർ സന്തോഷ് ടി. ഇമ്മട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Vadasheri Footer