Header

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എഴുന്നള്ളിപ്പുകളിൽ നിന്നും ആജീവനാന്ത വിലക്കേർപ്പെടുത്തി

വിലക്ക് നീക്കാൻ തീവ്ര ശ്രമവുമായി തെച്ചിക്കോട്ട്കാവ് ദേവസ്വം

ഗുരുവായൂർ : കേരളത്തിലെ ഏറ്റുവും കൂടുതൽ തല പൊക്കവും , ആന പ്രേമികളുടെ ഇഷ്ട തോഴനായ കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എഴുന്നള്ളിപ്പുകളിൽ ഇനി ഉണ്ടാകില്ല . എഴുന്നള്ളിപ്പുകളില്‍ നിന്നും രാമചന്ദ്രനെ പൂര്‍ണ വിലക്കേര്‍പ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. ആനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉത്സവ എഴുന്നള്ളിപ്പുകള്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശിച്ചാണ് ഉത്തരവ്.എന്നാല്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ആനപ്രേമി സംഘവും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഫാന്‍സുകാരും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുംഎന്നറിയുന്നു .കോടികൾ വരുമാനമുണ്ടാക്കി കൊടുക്കുന്ന കൊമ്പന്റെ വിലക്കിനെതിരെ ഹൈക്കോടതിയെസമീപിച്ചോ , ഉന്നത സർക്കാർ സംവിധാനത്തെ സ്വാധീനിച്ചോ തെച്ചിക്കോട്ട് കാവ് ദേവസ്വം അനുകൂല ഉത്തരവ് സംഘടിപ്പിക്കുമെന്നാണ് ആന പ്രേമികളുടെ വിശ്വാസം . ഇതിന്റെ മുൻപ് ഉണ്ടായ വിലക്കുകൾ എല്ലാം മറി കടന്ന ചരിത്രവും ഉണ്ട് .

Astrologer

ഫെബ്രുവരി എട്ടിന്കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രോത്സവത്തിന് കൊണ്ട് വന്ന തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ചവിട്ടേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടതോടെയാണ് ആന ക്ക് സമ്പൂർണ വിലക്ക് വന്നത് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മുള്ളത്ത് ഷൈജുവിന്റെ ഗൃഹപ്രവേശനത്തിന്റെ ആഘോഷ ഭാഗമായിട്ടു കൂടിയായിരുന്നു വീട്ടു മുറ്റത്ത് നിന്നുള്ള എഴുന്നെള്ളിപ്പ് . ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ ഗൾഫിൽ ഷൈജു വിന്റെ ജോലി ചെയ്യുന്ന രണ്ടു സുഹൃത്തുക്കൾ ആണ് കൊല്ലപ്പെട്ടത് കണ്ണൂര്‍ തളിപ്പറമ്പ് നിഷ നിവാസില്‍ പട്ടേരി നാരായണൻ (ബാബു-66),കോഴിക്കോട് നരിക്കുനി അരീക്കല്‍ ഗംഗാധരന്‍(മുരുകന്‍-60) എന്നിവരാണ് കൊല്ലപ്പെട്ടത് .

പൂരത്തിന്റെ അന്നുതന്നെ ഗൃഹപ്രവേശനവും നടത്തണമെന്ന ആഗ്രഹം കൊണ്ട് ഷൈജുവിന്റെ വകയായി തെച്ചിക്കോട്ട് രാമചന്ദ്രനും പഞ്ചവാദ്യവും ഉള്‍പ്പെട്ട എഴുന്നെള്ളിപ്പ് നിശ്ചയിച്ചു.പുതിയ വീട്ടില്‍ നിന്നുള്ള പൂരം കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ നിന്നും കമ്മറ്റിക്കാര്‍ പടക്കം പൊട്ടിച്ചു.ശബ്ദം കേട്ടപ്പോള്‍ ആന ഒന്നു തിരിഞ്ഞു.ഒപ്പം ആളുകള്‍ ആര്‍പ്പുവിളിക്കുക കൂടി ചെയ്തപ്പോള്‍ ആന ഇടഞ്ഞ് മുന്നോട്ടു നീങ്ങി.തൊട്ടടുത്തു നില്‍ക്കുകയായിരുന്ന നാരായണന്‍ ആനയുടെ മുന്നിലേക്കാണ് വീണത്.കൊമ്പുകള്‍ താഴ്ത്തി അരിശത്തോട നിന്ന ആന നാരായണനെ ചവിട്ടിയരക്കുകയായിരുന്നു.മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും ചോര ചിതറിത്തെറിച്ചു.അവിടെ വെച്ചുതന്നെ മരണം സംഭവിച്ചിരുന്നു.ഗംഗാധരന്‍ രാത്രി ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്.

ആനയുടെ പരാക്രമം കണ്ട് ഭയന്നോടുന്നതിനിടയില്‍ വീണാണ് ആളുകള്‍ക്ക് പരിക്കേറ്റത്.ഇതിനിടയില്‍ ആനപ്പുറത്തിരുന്നവരെ താഴെയിറക്കി.കോലവുമിറക്കി.അക്രമം കാട്ടിയശേഷം ആന നേരെ റോഡിലേക്കിറങ്ങി ഓടാനുള്ള ശ്രമമായിരുന്നു.വാലില്‍ പിടിച്ച് പാപ്പാന്‍ ആനയെ നിര്‍ത്തി.പി്ന്നീട് ശാന്തനാക്കിയശേഷം ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി.
പഞ്ചവാദ്യം കലാകാരന്‍മാരായ ചാലിശ്ശേരി സ്വദേശി അംജേഷ് കൃഷ്ണന്‍(26),പട്ടാമ്പി ചാക്കോളില്‍ സജിത്ത്(18),പട്ടാമ്പി തടത്തില്‍ പറമ്പില്‍ രാഹുല്‍(19),കൂറ്റനാട് പള്ളിവളപ്പില്‍ സന്തോഷ്(24),പെരുമണ്ണൂര്‍ കുറുപ്പത്ത് ദാമോദരന്‍(62),പൂരത്തിനെത്തിയ കോട്ടപ്പടി മുള്ളത്ത് ശ്രീധരന്റെ ഭാര്യ രഞ്ജിനി(65),അരിമ്പൂര്‍ കോഴിപ്പറമ്പ് സുരേഷ് ബാബു(52),പാലയൂര്‍ കരുമത്തില്‍ അക്ഷയ്(15),ഏങ്ങണ്ടിയൂര്‍ പള്ളിക്കടവത്ത് അരുണ്‍കുമാര്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശൂർ ജില്ലയിലെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. സംസ്ഥാനത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. അമ്പത് വയസിലേറെ പ്രായമുണ്ട്.

എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ട്കാവ് രമചന്ദ്രനെ ആനപ്രേമികൾ രാമരാജൻ എന്നാണ് വിളിക്കുന്നത്. നിരവധി ഫേസ്‌ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. കേരളത്തിൽ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. അതേസമയം ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും തെച്ചിക്കോട്ട് രാമചന്ദ്രൻ കുപ്രസിദ്ധനാണ്.

ആറ് പാപ്പാന്മാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഇന്നലെ കൊല്ലപ്പെട്ട രണ്ടു പേരടക്കം 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കാലപുരിക്കയച്ചിട്ടുള്ളത് . . 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്മാരെ രാമചന്ദ്രൻ കൊലപ്പെടുത്തി.1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടർന്ന് എത്തിയ പാപ്പാന്റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.

കാലക്രമേണ ഇടതുകണ്ണിന്റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു. 2009ൽ തൃശൂർ കാട്ടാകാമ്പൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഒരു പന്ത്രണ്ടുകാരൻ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വർഷം തന്നെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ തെച്ചിക്കോട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ ഒരു സ്ത്രീ മരിച്ചു. 2013ൽ പെരുമ്പാവൂർ കൂത്തുമടം തൈപ്പൂയത്തിനിടെ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവൻ.

2011 മുതൽ തൃശ്ശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്‌ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ നേരത്തേ നിർദ്ദേശിച്ചിരുന്നു.
അപകടത്തിനിടയാക്കും വിധം മൃഗങ്ങളെ കൈകാര്യം ചെയ്തതിനും ,മനപൂർവ്വമല്ലാത്ത നരഹത്യക്കും ആനയുടെ പാപ്പാന്മാർക്കെതിരെ ഗുരുവായൂർ പോലീസ് കേസ് എടുത്തിരുന്നു .