സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ ഭൂമി ഇടപാട് ആദായനികുതി വകുപ്പ് റദ്ദുചെയ്തു
കൊച്ചി: സീറോ മലബാര്‍ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ ആദായ നികുതി വകുപ്പിന്റെ ഇടപെടല്‍. സീറോ മലബാര്‍ സഭ വിറ്റ കാക്കനാട്ടെ ഭൂമി ഇടപാട് ആദായനികുതി വകുപ്പ് റദ്ദുചെയ്തു. കക്കനാട്ടെ 64 സെന്റ് ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. ഭൂമി വാങ്ങിയ സാജു വര്‍ഗീസിന്റെ ഇടപാടുകള്‍ മരവിപ്പി ച്ചു. സാജു പത്ത് കോടിരൂപയുടെ നികുതി വെട്ടിച്ചുവെന്നാണ് കണ്ടത്തല്‍. ഇതോടെ പത്ത് കോടി രൂപ പിഴ ഒടുക്കാനും ഇന്‍കം ടാക്‌സ് നിര്‍ദ്ദേശിച്ചു. ഇയാളുടെ മറ്റിടപാടുകളും ക്രമക്കേടുകളെ തുടര്‍ന്ന് മരവിപ്പിച്ചു.
താല്‍ക്കാലികമായാണ് നടപടിയെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കിയത്.രേഖകളില്‍ 3.94 കോടി രൂപ കാണിച്ച ശേഷം സാജുവര്‍ഗീസ് ഭൂമി മറിച്ചുവിറ്റത് 39 കോടി രൂപക്കാണെന്നും ആദായനികുതി കണ്ടെത്തി. ഇത് വലിയ നികുതി വെട്ടിപ്പാണെന്നാണ് വ്യക്തമാകുന്നത്. അതേസമയം വിവാദം കൊഴുത്ത വേളയില്‍ സീറോ മലബാര്‍ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും വി കെ ഗ്രൂപ്പ് സ്ഥാപനങ്ങളിലും ആദായവകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു. ഇയാളുടെ 13 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഭൂമി ഇടപാടിലെ കൃത്യമായ കണക്കും ഇടപാടിലൂടെ ലഭിച്ച പണം നിക്ഷേപിച്ചതെവിടെയെന്നും കണ്ടെത്താനായിരുന്നു ഈ റെയ്ഡ്. എന്നാല്‍, ഈ റെയ്ഡിലെ വിവരങ്ങളാണ് ഇപ്പോള്‍ നിര്‍ണായകമായി മാറിയത്.
13 കോടി രൂപക്ക് ഭൂമി വില്‍ക്കാനാണ് സഭ സാജുവിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ 27 കോടി രൂപയ്ക്കാണ് ഇടപാട് നടന്നതെന്ന് പറയുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ ആലഞ്ചേരിക്കും സഭയ്ക്കുമെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. സീറോ മലബാര്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമിയിടപാടില്‍ ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് ഇടുക്കിയില്‍ കോടികളുടെ സ്വത്ത് സമ്ബാദിച്ചതായി രേഖകള്‍ വ്യക്തമാക്കിയിരുന്നു. സഭയുടെ ഇടപാടുകള്‍ക്ക് ശേഷം തരാന്‍ പണമില്ലെന്നു പറഞ്ഞ സാജു വര്‍ഗീസ് ഇതേ കാലയളവില്‍ കുമളിയില്‍ ഏക്കറു കണക്കിന് ഭൂമി വാങ്ങുന്നതിന് കരാറെഴുതിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
2016 സെപ്റ്റംബറിലാണ് സാജു വര്‍ഗീസ് സഭയുടെ ഭൂമി വില്‍പനയില്‍ ഇടനിലക്കാരനായത്. 27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി ഇയാള്‍ വഴി വില്‍പന നടത്തിയെങ്കിലും സഭയ്ക്ക് ആകെ ലഭിച്ചിട്ടുള്ളത് 13.5 കോടിയോളം രൂപ മാത്രമാണ്. നോട്ട് നിരോധനം മൂലം പണം തരാനാവില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബാക്കി തരാനുള്ള പണത്തിന് പകരമായി സഭയ്ക്ക് കോതമംഗലത്തും ദേവികുളത്തുമായി ഇയാള്‍ സ്ഥലം നല്‍കുകയും ചെയ്തു. ഈ സ്ഥലങ്ങള്‍ക്ക് കിട്ടാനുള്ള പണത്തേക്കാള്‍ മൂല്യമുണ്ടെന്ന് പറഞ്ഞത് പ്രകാരം സഭ വീണ്ടും ഇയാള്‍ക്ക് പണം നല്‍കിയിരുന്നു. സഭ വിറ്റ സ്ഥലത്തിന് ന്യായമായ മൂല്യം ലഭിച്ചില്ലെന്നും പിന്നീട് സാജു വര്‍ഗീസില്‍ നിന്നും പകരം വാങ്ങിയ ഭൂമിക്ക് അധികമൂല്യമാണ് നല്‍കിയതെന്നും കാണിച്ചാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ഈ ഭൂമിയിടപാടുകളോടെ, ബാങ്ക് വായ്പ തീര്‍ക്കാനായി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച സഭയുടെ കടം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു.
എന്നാല്‍, സഭയുമായുള്ള ഭൂമിയിടപാടിന് ശേഷം എട്ടു മാസത്തിനുള്ളില്‍ കുമളിയില്‍ സാജു വര്‍ഗീസ് എസ്റ്റേറ്റ് വാങ്ങാനായി കരാറെഴുതിയതയായും വ്യക്തമായിരുന്നു. 2017 ജൂണ്‍-ജൂലൈ മാസങ്ങളിലായാണ് കരാറെഴുതിയിരിക്കുന്നത്. ആറ് കോടി മതിപ്പുള്ള ഏലത്തോട്ടത്തിന് ഒരുകോടി രൂപയാണ് അഡ്വാന്‍സായി നല്‍കിയത്