തൃശൂരില്‍ ബി ജെ പി ക്ക് വേണ്ടി സുരേഷ് ഗോപി മത്സരിക്കും
തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. നേരത്തേ തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അല്‍പ്പ സമയം മുമ്പാണ് പ്രഖ്യാപനമുണ്ടായത്.
ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ അവിടെ നിര്‍ത്തണമെന്ന ആലോചനയാണ് സുരേഷ് ഗോപിയുടെ പേരില്‍ എത്തിയത്.
പ്രധാനമന്ത്രിയോ അമിത് ഷായോ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ സുരേഷ് ഗോപി. സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി വരുന്നതോടെ തൃശ്ശൂര്‍ സീറ്റില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടിഎന്‍ പ്രതാപനും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യുവും പ്രചാരണത്തില്‍ ഏറെ ദൂരം പോയി കഴിഞ്ഞു.