Madhavam header
Above Pot

ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കും , കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി∙ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ടുവച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. തൊഴിലില്ലായ്മ, കര്‍ഷകദുരിതം, സ്ത്രീസുരക്ഷ എന്നിവയാണ് രാജ്യം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളെന്നും പ്രകടനപത്രികയില്‍ പറയുന്നു.

പ്രധാനമായും അഞ്ചു കാര്യങ്ങളാണ് പ്രകടനപത്രിക മുന്നോട്ടുവയ്ക്കുന്നത്. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ നല്‍കുന്ന ന്യായ് പദ്ധതിക്കു തന്നെയാണ് മുന്‍ഗണന നല്‍കുന്നത്. 2020 മാര്‍ച്ചിനകം കേന്ദ്രസര്‍ക്കാരിലെ ഒഴിവുകള്‍ നികത്തും. ഗ്രാമപഞ്ചായത്തുകളിലെ ഒഴിവുകള്‍ നികത്തി 10 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കും.

Astrologer

ന്യായ് പദ്ധതി മൂലം രണ്ടു കാര്യങ്ങളാണ് നടപ്പാകുക. ദരിദ്രര്‍ക്ക് അവരുടെ കൈവശം പണം ലഭിക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് മുരടിച്ചുപോയ സമ്പദ്സ്ഥിതി മുന്നോട്ടു നീങ്ങും. വ്യവസായം തുടങ്ങുന്നതിന് ആദ്യത്തെ മൂന്നുവര്‍ഷം അനുമതി ആവശ്യമില്ല. തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍നിന്ന് 150 ആക്കി ഉയര്‍ത്തും. റെയില്‍ ബജറ്റിന്റെ മാതൃകയില്‍ പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. കര്‍ഷകര്‍ക്കു വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. ജിഡിപിയുടെ ആറു ശതമാനം വിദ്യാഭ്യാസ രംഗത്തേക്ക് ഉപയോഗിക്കും.

ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടുള്ളതാണ് പ്രകടനപത്രികയെന്ന് രാഹുല്‍ ഗാന്ധി. വ്യാജ ഉറപ്പുകളൊന്നും അതിലില്ല. ജനങ്ങളുടെ ശബ്ദമാണ് അതിലൂടെ പ്രചരിക്കുന്നത്. എല്‍ജിബിടി വിഭാഗത്തിന്റെയും ന്യൂനപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കും. സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരും, ന്യായ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രകടനപത്രികയില്‍ യാതൊരു കള്ളത്തരവുമില്ല. കാരണം ദിവസേന ഒട്ടേറെ നുണകള്‍ കേള്‍ക്കുന്ന ഒരു സമൂഹത്തിലാണ് നാം കഴിയുന്നതെന്നും രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ആദ്യദിനം തന്നെ റഫാല്‍ ഇടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഉല്‍പാദനക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. മിനിമം വേതനം ഉറപ്പുനല്‍കുന്ന ന്യായ് പദ്ധതി, ജമ്മു കശ്മീരിനായുള്ള വികസന അജന്‍ഡ, ജിഎസ്ടി രണ്ടു സ്ലാബുകളിലേക്കു കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

ഇന്ന് ചരിത്ര ദിനമാണെന്നും കോണ്‍ഗ്രസ് പ്രകടനപത്രിക ശക്തവും വികസിതവുമായ രാജ്യത്തെ പടച്ചെടുക്കുന്നതായിരിക്കുമെന്നും വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും 7.70 കോടി ജോലിയാണ് മോദി സര്‍ക്കാരിനു കീഴില്‍ നഷ്ടപ്പെട്ടതെന്നും പി.ചിദംബരവും പറഞ്ഞു. കര്‍ഷകരുടെയും യുവാക്കളുടെയും ദലിതരുടെയും വിദ്യാഭ്യാസം, ആരോഗ്യം, വിദേശകാര്യനയം, രാജ്യസുരക്ഷ എന്നീ പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും പ്രകടനപത്രികയില്‍ പറയുന്നു.

Vadasheri Footer