ശ്രീലങ്ക സ്ഫോടനം , കൊല്ലങ്കോട് നിന്ന് ഒരാൾ പിടിയിൽ

">

പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ബോംബ് സ്ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് പാലക്കാട് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. പാലക്കാട് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് ഭാ​ഗത്ത് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്‍‍ഡിലാണ് ഇയാള്‍ കസ്റ്റഡിയിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി.

നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് ഇയാളെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. നിലവില്‍ ഇയാള്‍ സംഘടനയില്‍ സജീവമാണോയെന്ന് വ്യക്തമല്ല. അതേസമയം നേരത്തെയുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കോയമ്ബത്തൂരിലെത്തിയ ഒരു അ‍ജ്ഞാതന്‍ നിരവധി പേരെ സന്ദര്‍ശിക്കുന്നതായി എന്‍ഐഎയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെക്കുറിച്ചും എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കോയമ്ബത്തൂരടക്കം തമിഴ്നാട്ടിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചവരുടെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാഷണല്‍ തൗഹീദ് ജമാഅത്തിന് കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ അനുഭാവികളുണ്ട് എന്നാണ് എന്‍ഐഎയ്ക്ക് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ ശ്രീലങ്കയിലടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ത്തകളുടേയും ശ്രീലങ്കയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിലാണ് എന്‍ഐഎ കാസര്‍കോടും പാലക്കാടും റെയ്ഡ് നടത്തിയത്.

സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് കാസര്‍കോഡ് വിദ്യാനഗര്‍ സ്വദേശികളായ രണ്ടു പേരുടെ വീടുകളിലാണ് നേരത്തെ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയത്. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കൊച്ചിയിലെ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. മൊബൈല്‍ ഫോണുകള്‍ അടക്കം പിടിചെടുത്ത സംഘം വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തു. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സഹ്രാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് ലഭ്യമാകുന്ന വിവരം.

കൊല്ലപ്പെട്ട സഹ്രാന്‍ ഹാഷിമുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. അതീവ രഹസ്യമായിട്ടായിരുന്നു റെയ്ഡ്. തൗഹീദ് ജമാ അത്ത് തലവനായ സഹ്രാന്‍ ഹാഷിം 2017 ല്‍ മലപ്പുറത്ത് എത്തിയിരുന്നതായി നേരത്തെ തന്നെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്ബര നടന്നത്. സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടതായാണ് ശ്രീലങ്കയുടെ ഔദ്യോഗിക വിശദീകരണം. കൊളംബോ ഷ്ങ് ഗ്രില ഹോട്ടലില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ തൗഹീദ് ജമാ അത്ത് തലവനായ സഹ്രാന്‍ ഹാഷിമും കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors