ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം, ഗൂഢാലോചനയെന്ന് രഞ്ജൻ ഗോഗോയ്
ദില്ലി: ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണപരാതി പരിശോധിക്കാന്‍ സുപ്രീംകോടതി അടിയന്തര സിറ്റിംഗ് ചേര്‍ന്നു. ഇന്ന് രാവിലെയാണ് രാജ്യത്തെയാകെ ഞെട്ടിച്ചു കൊണ്ട് സുപ്രീംകോടതിയില്‍ അസാധാരണ നടപടികള്‍ ആരംഭിച്ചത്.
സുപ്രീംകോടതിയിലെ ഒരു മുന്‍ ജീവനക്കാരി ചീഫ് ജസ്റ്റിസിനെതിരെ പീഡന പരാതി നല്‍കിയതായി നേരത്തെ ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് 22 ജഡ്ജിമാര്‍ക്ക് ഈ യുവതി പരാതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സ്റ്റാഫായ ഈ സ്ത്രീയെ ക്രമക്കേടുകളുടെ പേരിൽ നേരത്തെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു.
ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗഗോയി സ്ഥാനമേറ്റത്തിന് അടുത്ത ദിവസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങളുണ്ടായത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നതെന്നും കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവരുടെ അടുത്ത് വളരെ മുൻപേ തന്നെ ഈ പരാതി എത്തിയിട്ടുണ്ടെന്നും വാർത്ത റിപ്പോർട്ട് ചെയ്ത കാരവൻ എഡിറ്റർ വിനോദ് കെ ജോസ് പറയുന്നു .
ചീഫ് ജസ്റ്റിസിൽ നിന്നും മോശം അനുഭവം ഉണ്ടായതിന് പിന്നാലെ തന്നെയും കുടുംബത്തേയും നിരന്തരം പിന്തുടർന്ന് പീഡിപ്പിക്കുകയാണ് ചീഫ് ജസ്റ്റിസ് എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ജോലിയിൽ നിന്നും പിരിച്ചു വിട്ട ശേഷം പല കേസുകളിലേയും തന്നേയും കുടുംബത്തേയും കുടുക്കാൻ ശ്രമമുണ്ടായി. ഭർത്താവിനേയും ഭർത്തൃപിതാവിനേയും കേസിൽ കുടുക്കാൻ ശ്രമമുണ്ടായി. ദില്ലി പൊലീസിലുള്ള സഹോദരങ്ങൾക്കും പ്രതികാര നടപടി നേരിടേണ്ടി വന്നുവെന്നും യുവതി 22 ജഡ്ജിമാർക്ക് അയച്ച പരാതിയിൽ പറയുന്നു. യുവതിക്കെതിരെയുള്ള ഒരു കേസിൽ അവരെ റിമാൻഡ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഓൺലൈൻ മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
യുവതിയുടെ പരാതി പുറത്തു വിട്ട മാധ്യമങ്ങൾ ഇതേ ഓൺലൈൻ മാധ്യമങ്ങൾ ഇതേ വിഷയത്തിൽ സുപ്രീംകോടതിയുടെ ഔദ്യോഗിക വിശദീകരണവും തേടിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ പരാതിയാണെന്നും സുപ്രീംകോടതിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നുമായിരുന്നു ഈ വാര്‍ത്തയോടുള്ള സുപ്രീംകോടതി രജിസ്ട്രാറുടെ പ്രതികരണം.
എന്നാൽ ശനിയാഴ്ച രാവിലെയോടെ ഈ വിഷയം സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉന്നയിച്ചതോടെ സുപ്രീംകോടതി അടിയന്തര സിറ്റിംഗ് ചേരാന്‍ തീരുമാനിച്ചു. പത്തേകാലോടെയാണ് ഇതു സംബന്ധിച്ച് അറിയിപ്പ് സുപ്രീംകോടതിയില്‍ നിന്നും പുറത്തുവന്നു. വലിയ പൊതുതാത്പര്യമുള്ള, ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയം ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി അടിയന്തര യോഗം ചേരുന്നുവെന്നും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവശ്യപ്രകാരമാണ് നടപടിയെന്നുമാണ് അഡീഷണല്‍ രജിസ്ട്രാര്‍ പുറത്തു വിട്ട നോട്ടീസില്‍ പറഞ്ഞത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തര സിറ്റിംഗ് ചേര്‍ന്നത്. സുപ്രീംകോടതിയുടെ അധ്യക്ഷനായ ചീഫ് ജസ്റ്റിസിനെതിരെ ആണ് പരാതി എന്നതിനാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിലപാടും സുപ്രീംകോടതി പരിഗണിച്ചു. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ക്കായി സുപ്രീംകോടതിയില്‍ എത്തി.
രാവിലെ പത്തരയോടെ മുതിര്‍ന്ന അഭിഭാഷകരുടെ സാന്നിധ്യത്തില്‍ കോടതിയിലെ ചേർന്ന അടിയന്തര സിറ്റിംഗില്‍ കാര്യങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞു തുടങ്ങി. തനിക്കെതിരെ ഇങ്ങനെ ഒരു ലൈംഗികപരാതി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഓഫീസ് സ്റ്റാഫായ വസതിയിൽ ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരിയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ 20 വര്‍ഷമായി ജഡ്ജിയാണ് എന്നിട്ടും തന്‍റെ ബാങ്ക് ബാലന്‍സ് 6.80 ലക്ഷം രൂപ മാത്രമാണ്. കറ കളഞ്ഞ ജഡ്ജിയായി തുടരുക എന്നത് എല്ലാ കാലത്തും വെല്ലുവിളിയാണ്. അതുകൊണ്ടാണ് നല്ല ജഡ്ജിമാര്‍ കോടതിയിലേക്ക് വരാത്തത്. പണം കൊണ്ട് തന്നെ തകര്‍ക്കാനാവില്ല എന്നു വന്നപ്പോള്‍ ആണ് ഇത്തരമൊരു ഗൂഢാലോചന തനിക്കെതിരെ നടത്തുന്നതെന്നും ചീഫ് ജസ്റ്റിസ് ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു..
പരാതിക്കാരിയായ യുവതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇവരുടെ മോശം റെക്കോര്‍ഡ് നേരത്തെ പരിശോധിക്കപ്പെട്ടിരുന്നുവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറയുന്നു. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. സുപ്രീംകോടതിയുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതിയെ ബാധിക്കുന്നതാണ് ഇത്തരം പരാതികളെന്നും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിനെ തന്നെ തകര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഗഗോയി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ ജഡ്ജിമാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാവുമെന്നും ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ജഡ്ജിമാര്‍ ഭയന്ന് പിന്‍മാറുമെന്നും പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ കേസിന്‍റെ പേരില്‍ താന്‍ രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി.
കോടതിയിലുണ്ടായിരുന്ന അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും ചീഫ് ജസ്റ്റിസിന്‍റെ വാദത്തോട് യോജിച്ചു സംസാരിച്ചുവെന്നാണ് വിവരം. ഇതൊരു ബ്ലാക്ക് മെയില്‍ കേസാണോ എന്ന് സംശയിക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു. എന്തായാലും പരാതി പരിഗണിച്ച് ബെഞ്ച് ഒരു തരത്തിലുള്ള വിധിയോ തീരുമാനമോ തീര്‍പ്പോ എടുത്തിട്ടില്ല. പരാതി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്നും മറ്റു രണ്ട് ജഡ്ജിമാര്‍ ചേര്‍ന്ന് തീരുമാനം എടുക്കട്ടേയെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിനെതിരായ പരാതിയില്‍ നടപടിയെടുക്കുന്നത് ശരിയല്ല എന്ന നിലപാടാണ് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് സഞ്ജയ് ഖന്നയും സ്വീകരിച്ചത്. ഒടുവില്‍ പ്രത്യേകിച്ച് നടപടിയോ ഉത്തരവോ പുറപ്പെടുവിക്കാതെ അടിയന്തര സിറ്റിംഗ് സുപ്രീകോടതി തീര്‍ത്തു. എന്നാല്‍ ഈ പരാതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിച്ചു.
സുപ്രീംകോടതിക്ക് നിലവില്‍ അവധിയാണെങ്കിലും വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സുപ്രീംകോടതി അടിയന്തര യോഗം ചേരുകയായിരുന്നുവെന്നാണ് വിവരം. ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്ന ലൈംഗീകാരോപണം തീര്‍ത്തും അവിശ്വസനീയമാണെന്ന് വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് അഭിഭാഷകന്‍ എംആര്‍ അഭിലാഷ് പറഞ്ഞു.