സ്‌കൂൾ അംഗനവാടിയിൽ ഗ്യാസ് സിലണ്ടറിൽ നിന്നും തീ പടർന്നത് പരിഭ്രാന്തി പരത്തി
ചാവക്കാട് : സ്‌കൂളിൽ ഗ്യാസ് സിലണ്ടറിന്റെ ട്യൂബിലൂടെ ഗ്യാസ് ചോർന്ന്
തീപടർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന്
അപകടം ഒഴിവായി .പാലയൂർ എ.യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലാണ്
ഇന്നലെ രാവിലെ ഗ്യാസ് സിലിണ്ടറിന്റെ ട്യുബിൽ ചോർച്ചയുണ്ടായി തീപടർന്നത് .
തീപിടുത്തത്തിൽ മുറിയുടെ മേൽതട്ടിലെ പ്‌ളാസ്റ്റിക്ക് ഷീറ്റുകൾ ഉരുകി
വീണു. ജനൽചില്ല് വലിയ ശബ്ദത്തോടെ പൊട്ടിതെറിച്ചു.
സമീപത്തുണ്ടായിരുന്ന കടലാസുകഷണങ്ങൾക്കും തീപിടിച്ചു. അംഗൻവാടിയിലെ പാചകക്കാരി ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സംഭവം. ഈ സമയം
കുട്ടികളാരും എത്തിയിരുന്നില്ല. തീ ആളിയതോടെ പരിസരവാസികൾ ഓടിയെത്തി .
തുടർന്ന് അക്ഷയ് ചീരോത്തിന്റെ നേത്യത്വത്തിൽ നാട്ടുകാർ വെള്ളം ഒഴിച്ചും
ചാക്ക് നനച്ചിട്ടും തീയണച്ചു .വിവരമറിഞ്ഞ് ഗുരുവായൂർ നിന്നും
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും
സ്ഥലത്തെത്തി അപകട സാധ്യത പൂർണമായും ഒഴിവാക്കി .
ഗ്യാസ് സിലിണ്ടറിലേക്ക്ബന്ധിപ്പിക്കുന്ന പൈപ്പ് കാലപഴക്കത്തെ തുടർന്ന് ദ്രവിച്ചതാണ് അപകടത്തിനുവഴിവെച്ചതെന്നാണ് സൂചന . സ്‌ക്കൂളിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച്
മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ഫയർഫോഴ്‌സ് അധിക്യതർ അറിയിച്ചു