Header

ശബരിമല ,കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കണം : വി .ഡി .സതീശൻ

തൃശൂര്‍: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ പരോക്ഷമായി വിര്‍മശിച്ച്‌ കെ.പി.സി.സി ഉപാദ്ധ്യക്ഷന്‍ വി.ഡി.സതീശന്‍ എം.എല്‍.എ രംഗത്തെത്തി. ആള്‍ക്കൂട്ടത്തിന്റെ പുറകേ പോകുന്നത് കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമല്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം തൃശൂരില്‍ നടന്ന പരിപാടിയില്‍ വ്യക്തമാക്കി.

പുരോഗമന വാദം ഉയര്‍ത്തുന്ന സി.പി.എം നിലപാട് കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന് സൗകര്യമൊരുക്കുകയാണ് സി.പി.എമ്മെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതവും ജാതിയും പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാറിനെ സി.പി.എം സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Astrologer

നേരത്തെ, വി.ടി.ബല്‍റാം എം.എല്‍.എയും ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതാവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇതിനെ രൂക്ഷമായ ഭാഷയിലാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ടത്. വി.ടി.ബല്‍റാമിന്റെ നിലപാട് മര്യാദകേടാണെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സ്വീകരിച്ചിരുന്നത്.