തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്കേറ്റു.
തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രാസിന്‍റെ മുകളിലത്തെ കൊളുത്ത് ഒടിഞ്ഞുപോയതിനെ തുടര്‍ന്നാണ് അദ്ദേഹം താഴെ വീണത്. ത്രാസ് വീണ് തലയുടെ രണ്ടു ഭാഗത്ത് മുറിവുണ്ടായി. തലയില്‍ പതിനൊന്ന് തുന്നലുണ്ട്. മുറിവ് തുന്നിക്കെട്ടിയ ശേഷം വിദഗ്ധ ചികിത്സയ്ക്കും കൂടുതല്‍ പരിശോധനയ്ക്കുമായി അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. തന്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിഷു ദിനത്തില്‍ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേര്‍ന്നിരുന്നു. ഇതിനായാണ് അദ്ദേഹം എത്തിയത്. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.എസ്.ശിവകുമാറും നിരവധി പ്രവര്‍ത്തകരും ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വഴിപാട് നടത്തുന്നതിനായി ത്രാസില്‍ ഇരുന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്.
പരിക്ക് സാരമുള്ളതാണെങ്കിലും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അപകടവിവരം അറിഞ്ഞ് നിരവധി നേതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
ഇന്ന് രാവിലെ പതിനൊന്നിന് തിരുവനന്തപുരം മണ്ഡലത്തിനായി അദ്ദേഹം തയാറാക്കിയ പ്രത്യേക തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നിശ്ചയിച്ചിരുന്നു. ഈ പരിപാടി റദ്ദാക്കിയിട്ടുണ്ട്.