സനു മോഹൻ കർണാടകയിൽ പിടിയിൽ
കൊച്ചി : മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുെട മരണത്തിന് ശേഷം കാണാതായ പിതാവ് സനു മോഹൻ പിടിയിൽ. ഇയാൾ കർണാടകയിലെ കാർവാറിൽ വെച്ചാണ് അറസ്റ്റിലായത്. ഇയാളെ ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയിലെത്തിക്കും. മാർച്ച് 22ന് മുട്ടാർ പുഴയിൽ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയതു മുതൽ ഇയാൾ ഒളിവിലായിരുന്നു.
അന്നു മുതൽ ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്.അതിനിടയിൽ സനു മോഹൻ മൂകാംബികയിൽ എത്തിയതായി വെള്ളിയാഴ്ച പൊലീസിന് വിവരം ലഭിക്കുകയും തെരച്ചിൽ ഊർജ്ജിതമാക്കുകയുമായിരുന്നു. മൂന്നു ദിവസം മൂകാംബികയിലെ ഒരു ലോഡ്ജിൽ ഇയാൾ താമസിച്ചെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം.ലോഡ്ജിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ ആദ്യം ലഭിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ ഏഴിന് ലോഡ്ജിലിരുന്ന് പത്രങ്ങൾ പരിശോധിക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. പത്രം വിശദമായി പരിശോധിച്ചശേഷം സനു മോഹൻ അവിടെനിന്ന് പുറത്തേക്ക് കടക്കുകയായിരുെന്നന്നാണ് വിവരം.
ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കിയവിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.
ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിമാനത്താവളത്തില്‍ പോകാന്‍ സനു മോഹന്‍ ടാക്സി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹോട്ടല്‍ മാനേജര്‍ ടാക്സി ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ പുറത്തുപോയ സനു ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും ലോഡ്ജില്‍ തിരികെവന്നില്ല. ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് സനു താമസിച്ചിരുന്ന മുറി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചതോടെയാണ് ഇയാള്‍ മുങ്ങിയതാണെന്ന് സ്ഥിരീകരിച്ചത്. മുറിയില്‍ ലഗേജുകളോ മറ്റോ ഉണ്ടായിരുന്നില്ല.
സനു ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയിലെ വിലാസം തിരക്കി ലോഡ്ജിലെ മാനേജരും മലയാളിയുമായ അജയ് നാട്ടിലുള്ള ഒരാളെ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് വൈഗയുടെ മരണത്തില്‍ പോലീസ് തിരയുന്ന സനുമോഹനാണ് മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയതെന്ന് മനസിലായത്.
മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തി. സനുവിന് വേണ്ടിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ സനു സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയാത്തത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് സനു മോഹന്‍ കടന്നുകളഞ്ഞതാണെന്ന് സ്ഥിരീകരിച്ചത്.
ഇതോെട ലോഡ്ജിൽ നൽകിയിരുന്ന തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോഴാണ് സനു മോഹനാണെന്നും കൊച്ചിയിൽനിന്ന് കാണാതായ ആളാണെന്നും ലോഡ്ജ് ജീവനക്കാർക്ക് വ്യക്തമായത്.സനു മോഹനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്നും ഉടൻ പിടിയിലാവുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു.
കർണാടക പൊലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിരുന്നു.സനു മോഹനെ കാണാതായതോടെയാണ് മകളുടെ മരണത്തിൽ സംശയം ബലപ്പെട്ടത്. കാക്കനാട് റീജനല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനയിൽ വൈഗയുടെ ആന്തരികാവയവങ്ങളില്‍ ആല്‍ക്കഹോൾ സാന്നിധ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്.മദ്യമോ ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് എന്തെങ്കിലും നല്‍കിയോ വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഇതോടെ ബലപ്പെട്ടു. മുങ്ങിമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിഷം അകത്ത് ചെന്നിരുന്നോ, മദ്യം, മയക്കുമരുന്ന്, ഉറക്കഗുളികസാന്നിധ്യമുണ്ടോ, അതിക്രമത്തിന് ഇരയായോ തുടങ്ങിയവയാണ് ലാബില്‍ പരിശോധിച്ചത്.”