സാന്ത്വന സ്പർശം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി
തൃശൂർ : ജനങ്ങളുടെ കാലങ്ങളായുള്ള പരാതികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സാന്ത്വന സ്പർശം താലൂക്ക് തല പരാതി പരിഹാര അദാലത്തിന് തൃശൂർ ജില്ലയിൽ തുടക്കമായി.
ജനങ്ങളുടെ നീതി യഥാസമയം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
സർക്കാർ ഓഫീസുകളിൽ നിന്നും ജനങ്ങൾക്ക് തടസമുണ്ടാകുന്ന തരത്തിലുള്ള ഘടകങ്ങളെ തീർപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ കാലത്തും പരാതി പരിഹാര അദാലത്തുമായി മുന്നോട്ടു പോകാനാവില്ല. എന്നാൽ ഈ അദാലത്തിൽ ലദിച്ച മുഴുവൻ പരാതികൾക്കും തീർപ്പു കല്പിക്കും. സംസ്ഥാനടിസ്ഥാനത്തിൽ തീർപ്പാക്കേണ്ട പരാതികൾ നിയമത്തിനും ചട്ടത്തിനും വിധേയമായുള്ളതാണ്. ഭേദഗതി വരുത്താവുന്ന പരാതികളിൽ ജനങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ അങ്ങനെയും ചെയ്യും. കാലതാമസം ഒഴിവാക്കാനാണിതെന്നും മന്ത്രി വ്യക്തമാക്കി.
പട്ടയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ സ്വീകരിക്കുമെങ്കിലും അത് ബന്ധപ്പെട്ട ട്രിബ്യൂണൽ ആണ് കൈകാര്യം ചെയ്യുക. അത്തരം പരാതികൾ നിരസിക്കാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ട്രിബ്യൂണലിനു കൈമാറും.
ജില്ലയിൽ ഫെബ്രു. 14 നുള്ളിൽ പട്ടയ വിതരണം നടത്തും. ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് 8 ലക്ഷം പുതിയ അപേക്ഷകൾ സ്വീകരിക്കും. വി ഇ ഒ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി അർഹരെ കണ്ടെത്തുമെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.
കൃഷി വകുപ്പു മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനോപകാരപ്രദമായ നടപടികൾ സ്വീകരിച്ച് സമൂഹത്തെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാതിഥിയായി.
ഗവ. ചീഫ് വിപ്പ് കെ രാജൻ, എം എൽ എ മാരായ മുരളി പെരുനെല്ലി, ഗീതാ ഗോപി, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പികെ ഡേവിസ് മാസ്റ്റർ, അദാലത്തിൻ്റെ ജില്ലയിലെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി മിനി ആൻ്റണി, ജില്ലാ കലക്ടർ എസ് ഷാനവാസ്, എ ഡി എം റെജി പി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിനെ തുടർന്ന് സപ്ലൈകോ വിഭാഗത്തിലെ പരാതിയാണ് പരിഹരിച്ചത്. 14 വർഷമായി റേഷൻ കാർഡ് ലഭിക്കാതിരുന്ന കണ്ടശ്ശാംകടവ്. നെടിയമ്പത്ത് മാമ്പിള്ളി സിന്ധു ബാലന് മന്ത്രിമാർ ചേർന്ന് റേഷൻ കാർഡ് നൽകി. തുടർന്ന് പുതിയ റേഷൻ കാർഡിന് അർഹരായവർക്കും നൽകി.
അദാലത്തിലെ പരാതികള്‍ പരിശോധിക്കുന്നത് റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ്. ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായ പരാതികൾ ഇവരാണ് തരംതിരിക്കുന്നത്.
കുന്നംകുളം താലൂക്ക് തല അദാലത്ത് കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ ചൊവ്വാഴ്ച നടത്തും. ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലെ പരാതികൾ ഇവിടെ തീർപ്പാക്കും. 4 ന് ഇരിങ്ങാലക്കുടയിൽ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിലെ അദാലത്തും നടക്കും