Madhavam header
Above Pot

സംസ്ഥാനത്ത് ജെഡിഎസ് പിളര്‍ന്നു

കോട്ടയം : സംസ്ഥാനത്ത് ജെഡിഎസ് പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഭൂരിഭാഗം ജില്ലാ കമ്മറ്റികളും തീരുമാനത്തിനൊപ്പമെന്ന് ജോര്‍ജ് തോമസ് വിഭാഗം അവകാശപ്പെട്ടു. ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. 

Astrologer

സി.കെ.നാണു എം.എല്‍.എയുടെ പിന്തുണ അവകാശപ്പെട്ടുകൊണ്ടാണ് ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം കോട്ടയത്ത് സംസ്ഥാന കമ്മറ്റി വിളിച്ചത്. ഇതുവരെ തുടര്‍ന്നുവന്ന ഇടതു സമീപനം മാറ്റാനും സംസ്ഥാന കമ്മറ്റിയില്‍ അവര്‍ തീരുമാനിച്ചു. ഇനി മുതല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോര്‍ജ് തോമസ് വ്യക്തമാക്കി. 

രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തിലുള്‍പ്പെടെ ബിജെപി അനുകൂല നിലപാടാണ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ സ്വീകരിക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ജോര്‍ജ് തോമസ് വ്യക്തമാക്കി. മാത്യു ടി. തോമസോ, കെ.കൃഷ്ണന്‍കുട്ടിയോ കര്‍ഷക സമരത്തിന് അനുകൂലമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂയെന്നും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ അണിചേരാനാണ് കോണ്‍ഗ്രസിനൊപ്പം ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇടതുമുന്നണിയുടെ ഭാഗമായി ലഭിച്ച വനംവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സീറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Vadasheri Footer