സ്ത്രീയുടെ തലയില്‍ മുളക് വെള്ളം ഒഴിക്കുന്നവനെ ഭക്തനെന്ന്‍ വിളിക്കുന്നു : ആലങ്കോട്
ഗുരുവായൂര്‍ : ഈശ്വരാരാധനയുടെ കാര്യത്തില്‍ ഋതുവായ പെണ്ണിന്റെ സ്ഥാനം അഗ്‌നിയജനം ചെയ്ത ഭൂസുരനും ഏറെയേറെ മുമ്പിലാണെന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുത്തച്ഛന്‍ കൃത്യമായി പറഞ്ഞുവെങ്കിലും ഋതുവായ പെണ്ണിന്റെ സ്ഥാനം എവിടെയായിരിക്കണമെന്ന കാര്യം നമ്മളിപ്പോഴും വിശാല ബെഞ്ചിന് വിട്ട് കാത്തിരിക്കുകയാണെന്ന് കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണന്‍.
ഗുരുവായൂര്‍ സമത്വ സമാജം സംഘടിപ്പിച്ച പ്രതിമാസ പ്രഭാഷണ-സംവാദ പരിപാടിയില്‍ കേരളത്തിന്റെ സാംസ്‌കാരിക വര്‍ത്തമാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ആലങ്കോട്. സര്‍വ്വചരാചരങ്ങളെയും സമഭാവനയോടെ കാണാന്‍ കഴിയുന്ന അവസ്ഥയാണ് ഭക്തി. എന്നാല്‍ സ്ത്രീയുടെ തലയിലൂടെ കുരുമുളക് വെള്ളം ഒഴിക്കുന്നനെപ്പോലും ഭക്തനെന്ന് വിശേഷിപ്പിക്കുന്ന എത്രയോ ദയനീയമായ സാഹചര്യമാണുള്ളത്. ഭക്തിയും രാജ്യസ്‌നേഹവുമൊക്കെ ഞങ്ങള്‍ നിര്‍വചിക്കുന്ന പോലെയായിരിക്കണമെന്ന പൊതുബോധം സൃഷ്ടിക്കാന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
നമ്മുടെ ടോക് ടൈമുകള്‍ മറ്റുള്ളവര്‍ നിയന്ത്രിക്കുന്ന നവമാധ്യമക്കാലത്ത് ഇത്തരം ചിന്തകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന അപകടകരമായ അവസ്ഥയുണ്ടെന്നും ആലങ്കോട് കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ നഗരസഭ ലൈബ്രറി അങ്കണത്തിലെ ഇംഎംഎസ് സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ പിഐ ആന്റോ അധ്യക്ഷനായിരുന്നു. പി അജിത് ആമുഖ പ്രഭാഷണം നടത്തി. കെ സി തമ്പി, വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.